തിരുവനന്തപുരം: അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലെ എസ്എൻഡിപി യോഗത്തിന്റെ നിലപാടിൽ നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വെള്ളാപ്പള്ളി നടേശൻ ഹിന്ദുസമാജത്തിന് അഭിമാനമാണെെന്നും അയോധ്യയും ശ്രീരാമചന്ദ്രനും ഐക്യത്തിനുള്ള മന്ത്രമായി മാറുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. പ്രാണപ്രതിഷ്ഠാ കർമ്മം അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്നും പ്രതിഷ്ഠാ മുഹൂർത്തതിൽ എല്ലാ വിശ്വാസികളും ഭവനങ്ങളിൽ ദീപം തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ശ്രീരാമൻ വ്യക്തിജീവിതത്തിലും കർമപഥത്തിലും മര്യാദ പുരുഷോത്തമനാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ആർഎസ്എസ് കാര്യകർത്താക്കൾ വെള്ളാപ്പള്ളി നടേശനെ സന്ദർശിക്കുകയും പ്രാണപ്രതിഷ്ഠാ അക്ഷതം കൈമാറുകയും ചെയ്തിരുന്നു. വെള്ളാപ്പള്ളി നടേശനും അദ്ദേഹത്തിന്റെ ഭാര്യ പ്രീതി നടേശനും ചേർന്നാണ് അക്ഷതം ഏറ്റുവാങ്ങിയത്. ഇക്കഴിഞ്ഞ ദിവസം എൻഎസ്എസും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ കോൺഗ്രസും സിപിഎമ്മും രാമക്ഷേത്രത്തെ രാഷ്‌ട്രീയ വിഷയമായി ഉയർത്തിക്കാണിക്കുകയാണ്.















