ന്യൂഡൽഹി: ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുടെ നേതാവും, 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളുമായ ഹാഫിസ് അബ്ദുൽ സലാം ഭൂട്ടാവിയുടെ മരണം സ്ഥിരീകരിച്ച് യുഎൻ രക്ഷാസമിതി. ഐക്യരാഷ്‌ട്രസഭ കൊടും ഭീകരരുടെ പട്ടികയിൽപ്പെടുത്തിയ വ്യക്തിയാണ് ഇയാൾ. 2023 മെയിൽ പഞ്ചാബ് പ്രവിശ്യയിൽ പാക് സർക്കാരിന്റെ കസ്റ്റഡിയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ഇയാളുടെ മരണം. ഇത് സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും മരണകാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിരുന്നില്ല.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ ഡെപ്യൂട്ടിയായി ജോലി ചെയ്ത് വരുമ്പോഴാണ് ഇയാൾ കസ്റ്റഡിയിലാകുന്നത്. മുംബൈ ഭീകരാക്രമണം നടത്തിയവർക്ക് ഹാഫിസ് അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ പരിശീലനം നൽകിയതായി കണ്ടെത്തിയിരുന്നു. രണ്ട് തവണ ലഷ്‌കർ ഇ ത്വയ്ബയുടെ നേതൃസ്ഥാനവും വഹിച്ചിട്ടുണ്ട്. ലഷ്‌കർ ഇ ത്വയ്ബക്ക് വേണ്ടി ധനസമാഹരണം നടത്തിയതിനും, ഭീകര സംഘടനയിലേക്ക് ആളുകളെ എത്തിച്ച് പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ചെയ്തുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഐക്യരാഷ്‌ട്രസഭ ഇയാളെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്.
യുഎന്നിന്റെ റിപ്പോർട്ട് പ്രകാരം ലഷ്‌കർ ഇ ത്വയ്ബയുടെ സ്ഥാപക അംഗം എന്നതിലുപരി ഹാഫിസ് സയീദ് തടവിലായിരുന്ന സമയത്തെല്ലാം ഭീകരസംഘടന പൂർണമായും ഇയാളുടെ നിയന്ത്രണത്തിലായിരുന്നു. കശ്മീരിൽ ഇന്ത്യയുടെ സ്വാധീനവും നിയന്ത്രണവും പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ.