ആപ്പിളിനെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ്. വാഷിംഗ്ടൺ ആസ്ഥാനമായുള്ള മൈക്രോസോഫ്റ്റിന്റെ റെഡ്മണ്ടിന്റെ ഓഹരികളിൽ 1.5 ശതമാനത്തിന്റെ വർദ്ധന രേഖപ്പെടുത്തി. ഇതോടെ വിപണി മൂല്യം 2.888 ട്രില്യൺ ഡോളറായി ഉയർന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് നിക്ഷേപകരെ ആകർഷിച്ച ഘടകം.
ആപ്പിളിന്റെ മൂല്യത്തിൽ 0.3 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചതോടെ ആകെ മൂല്യം 2.887 ട്രില്യൺ ഡോളാറായി. 2021-ന് ശേഷം ആദ്യമായാണ് ആപ്പിളിന്റെ മൂല്യത്തിൽ ഇടിവ് സംഭവിച്ചിരിക്കുന്നത്. ജനുവരിയിൽ മാത്രം 3.3 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച ആപ്പിളിന്റെ ഓഹരഹികൾ 0.4 ശതമാനം ഇടിഞ്ഞപ്പോൾ, മൈക്രോസോഫ്റ്റിന്റെ ഓപഹരികൾ 1.6 ശതമാനം ഉയർന്നതോടെ ടെക് ഭീമന്മാർ തമ്മിലുള്ള അന്തരം കുറച്ചു.
ഫെബ്രുവരി രണ്ടിന് ആപ്പിൾ അതിന്റെ പ്രധാന ഉപകരണമായ വിഷൻ പ്രോ മിക്സഡ്-റിയാലിറ്റി ഹെഡ്സെറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ്. 2007-ൽ ഐഫോണിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രോഡക്ട് ലോഞ്ചാണ് ഇത്. വിപണിയിൽ കാര്യമായി കുതിപ്പ് സൃഷ്ടിക്കാൻ ഇതിന് സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.















