വന വിഭവങ്ങൾ ശേഖരിച്ച്, സംസ്കരിച്ച് വിപണനം ചെയ്യാൻ വനവാസി വിഭാഗങ്ങൾക്കായി വിഭാവനം ചെയ്ത വൻധൻ വികാസ് കേന്ദ്രങ്ങൾ വ്യാപിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്തെ 100 ജില്ലകളിലായി 500 കേന്ദ്രങ്ങൾ തുടങ്ങാനാണ് തീരുമാനം. പ്രത്യേക ദുർബല വനവാസി ഗോത്ര വിഭാഗത്തിന്റെ ഉന്നമനത്തിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പിഎം ജൻമൻ (പ്രധാൻ മന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ) പദ്ധതിയുടെ ഭാഗമായാണ് വൻധൻ വികാസ് കേന്ദ്രങ്ങൾ തുടങ്ങുക. മൂന്ന് വർഷത്തിനുള്ളിൽ ദുർബല വനവാസി വിഭാഗത്തെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യം.
ആദ്യഘട്ടത്തിൽ, കേരളത്തിൽ 15 കേന്ദ്രങ്ങൾ തുടങ്ങും. വയനാട്, അട്ടപ്പാടി, പറമ്പിക്കുളം, നിലമ്പൂർ വനവാസി മേഖലകളിലാകും വൻധൻ വികാസ് കേന്ദ്രങ്ങൾ. കേരളത്തിലെ കൊറഗ, കാട്ടുനായ്‌ക്കർ, ചോലനായ്‌ക്കർ, കുറുമ്പർ, കാടർ എന്നീ വനവാസി വിഭാഗങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഓരോ വൻധൻ വികാസ് കേന്ദ്രങ്ങളിലും 15 ലക്ഷം രൂപയാണ് കേന്ദ്ര വനവാസി ക്ഷേമ മന്ത്രാലയം നിക്ഷേപിക്കുക. ട്രൈഫെഡ് മുഖേന ഈ തുക സംസ്ഥാന വനം വകുപ്പുകൾക്ക് കൈമാറും. വനം വകുപ്പിന് കീഴിലെ സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിക്കാണ് കേരളത്തിൽ നടത്തിപ്പ് ചുമതല.
വൻധൻ വികസ് കേന്ദ്രം തുടങ്ങാനുള്ള കെട്ടിടം, മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ, പരിശീലനം തുടങ്ങിയവയ്‌ക്കായി ഈ തുക വിനിയോഗിക്കാം. 44 കേന്ദ്രങ്ങൾ നിലവിൽ കേന്ദ്രത്തിന്റെ സഹായത്തോടെ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ദുർബല വനവാസി മേഖലയിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
വൻധൻ പദ്ധതി വനവാസികൾക്ക് ഉപജീവനമാർഗം എന്നതിന് പുറമേ അവരെ സംരംഭകരാക്കി മാറ്റുന്നതിനും വഴിയൊരുക്കി. വനവാസികൾ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുകയും ചെറുകിട വനവിഭവങ്ങൾ ശേഖരിക്കുകയും വിൽക്കുകയും ചെയ്യുന്നു. വരുമാനം വർദ്ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി വിവിധ തരത്തിലുള്ള പരിശീലനവും നടത്തുന്നുണ്ട്. ഗോത്രവർഗ ജ്ഞാനത്തെ പ്രായോഗിക സാമ്പത്തിക പ്രവർത്തനമാക്കി മാറ്റുന്നതിന് പദ്ധതി സഹായിക്കുന്നു.















