കണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളേജിൽ അദ്ധ്യാപകന്റെ കൈ വെട്ടിയ പിഎഫ്ഐ ഭീകരൻ സവാദ് തമിഴ്നാട്ടിലും ഒളിവിൽ കഴിഞ്ഞതായി മൊഴി. കണ്ണൂരിൽ മാത്രം മൂന്നിടങ്ങളിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത് . എല്ലാ സഹായങ്ങളുമായി പിഎഫ്ഐ പ്രവർത്തകർ എത്തിയതായാണ് വിവരം. വളപട്ടണം മന്നയിൽ അഞ്ച് വർഷവും ഇരിട്ടി വിളക്കോട്ട് രണ്ട് വർഷവും മട്ടന്നൂർ ബേരത്ത് ഒൻപത് മാസവുമാണ് സവാദ് ഒളിവിൽ കഴിഞ്ഞത്.
2016-ൽ വിവാഹ ശേഷമാണ് വളപട്ടണത്ത് എത്തിയത്. പിഎഫ്ഐ ഭീകരരുടെ സഹായത്തോടെ ഒരു പഴക്കടയിലാണ് ആദ്യം ജോലി ചെയ്തത്. പിന്നീട് ഒരു വർഷത്തിന് ശേഷമാണ് മരപ്പണി പഠിക്കാൻ പോയത്. തുടർന്ന് ഇരിട്ടി വിളക്കോട്ടിലേക്ക് താമസം മാറി. ഇക്കാര്യങ്ങളെല്ലാം പിഎഫ്ഐ പ്രവർത്തകർക്ക് അറിയാമായിരുന്നുവെന്നാണ് വിവരം.
കൈവെട്ട് കേസിന്റെ വിധി വന്നതോടെയാണ് മട്ടന്നൂർ ബേരത്തേക്ക് സവാദ് കുടുംബവുമായി താമസം മാറിയത്. പിന്നീട് ഒന്നും അറിയാത്ത തരത്തിൽ ജോലിക്ക് പോകുകയും കുടുംബ ജീവിതം നയിക്കുകയും ചെയ്തു. വീണ്ടും അടുത്തയിടത്ത് ഒളിജീവിതം നയിക്കാനായി ഈ മാസം പുതിയ വീട്ടിലേക്ക് മാറാൻ ഒരുങ്ങുന്നതിനിടെയാണ് സവാദ് ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായത്.
കാസർകോടുള്ള നിർധന കുടുംബത്തിൽ നിന്നാണ് സവാദ് വിവാഹം ചെയ്തത്. പിഎഫ്ഐ നേതാവാണ് ഇതിന് ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകിയത്. ഷാജഹാൻ എന്ന പേരിൽ തന്നെയാണ് വിവാഹം ചെയ്തതെന്നും അനാഥനാണെന്നും സവാദ് പറഞ്ഞിരുന്നതായി ഭാര്യപിതാവ് വെളിപ്പെടുത്തിയിരുന്നു. അറസ്റ്റ് ചെയ്യുന്ന നിമിഷം വരെ ഭാര്യക്ക് ഇയാളുടെ യഥാർഥ പേരോ കൈവെട്ട് കേസിലെ പ്രതിയാണെന്നോ അറിവുണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. കർണാടക അതിർത്തിയിൽ താമസിച്ചിരുന്ന ഭാര്യക്ക് മലയാളം നന്നായി അറിയാതിരുന്നതും സവാദിന് മുതൽകൂട്ടായി.
സിം മാറിയാണ് ബന്ധുക്കളെയും പാർട്ടി പ്രവർത്തകരെയും ബന്ധപ്പെട്ടതെന്നാണ് വിവരം. സവാദിന്റെ ഭാര്യയെയും വിവിധ ഘട്ടങ്ങളിൽ സഹായിച്ചവരെയും പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.