മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിലെ ശ്രീരാമ ക്ഷേത്രമായ ശ്രീ കലാറാം ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാസിക്കിൽ നടത്തിയ റോഡ് ഷോയ്ക്ക് പിന്നാലെയായിരുന്നു ക്ഷേത്ര ദർശനം. ഗോദാവരി നദിയുടെ തീരത്തുള്ള രാംകുണ്ഡിൽ എത്തിയ പ്രധാനമന്ത്രിയെ നാസിക് പുരോഹിത് സംഘ് പ്രസിഡന്റ് സതീഷ് ശുക്ല പരമ്പരാഗത തലപ്പാവായ ‘പഗ്ഡി’ നൽകിയാണ് സ്വീകരിച്ചത്. ജലപൂജയിലും ആരതിയിലും അദ്ദേഹം പങ്കെടുത്തു.
#WATCH | Prime Minister Narendra Modi offers prayers at Shree Kalaram Mandir in Nashik, Maharashtra. pic.twitter.com/DRMN2DXNrN
— ANI (@ANI) January 12, 2024
മിർച്ചി ചൗക്കിൽ നിന്നാരംഭിച്ച റോഡ്ഷോയിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ തുടങ്ങി നിരവധി നേതാക്കളാണ് പ്രധാനമന്ത്രിയെ അനുഗമിച്ചത്. ആയിരക്കണക്കിന് ആളുകളാണ് പ്രധാനമന്ത്രിക്ക് അഭിവാദ്യമർപ്പിക്കാനെത്തിയത്. നാസിക്ക് ധോളുകളുടെ അകമ്പടിയും പുഷ്പവൃഷ്ടിയും റോഡ്ഷോയ്ക്ക് മാറ്റുകൂട്ടി. 35 മിനിറ്റ് ദൈർഘ്യമുള്ള റോഡ്ഷോ, രണ്ട് കിലോമീറ്റർ പിന്നിട്ട് ജനാർദൻ സ്വാമി മഹാരാജ് ചൗക്കിൽ സമാപിച്ചു.
ഉച്ചയ്ക്ക് ശേഷം 27-ാമത് ദേശീയ യുവജനോത്സവത്തിന്റ ഉദ്ഘാടനവും 30,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 18,000 കോടി രൂപ ചെലവിൽ നിർമ്മിച്ച അടൽ സേതു എന്ന് പേരിട്ടിരിക്കുന്ന രാജ്യത്തെ ഏറ്റവും നീളമേറിയ കടൽപ്പാലത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. തുടർന്ന് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.