മധുര: പൊങ്കൽ ഉത്സവത്തിനായി തമിഴകം ഒരുങ്ങുമ്പോൾ അതിനോടൊപ്പമുള്ള ജെല്ലിക്കെട്ടിന്റെ ഒരുക്കങ്ങളും തകൃതിയായി നടക്കുകയാണ്.
ലോകപ്രശസ്തമായ അളങ്കാനല്ലൂർ, ആവണിയാപുരം, പാലമേട് ജല്ലിക്കെട്ട് മത്സരങ്ങൾ 15, 16, 17 തീയതികളിൽ നടക്കാനിരിക്കെ ഇതുവരെ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തത് 12,176 കാളകളും 4,514 ആളുകളും.
മധുര ജില്ലയിൽ ജല്ലിക്കെട്ട് മത്സരങ്ങളിൽ പങ്കെടുക്കേണ്ട കാളകളും മത്സരാർത്ഥികളും ജനുവരി 10 നും 11 നുമായി വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് മധുരൈ ജില്ലാ കളക്ടർ നേരത്തെ അറിയിച്ചിരുന്നു. ജനുവരി 15-ന് ആവണിയാപുരത്ത് ജല്ലിക്കെട്ട് സംഘടിപ്പിക്കുമെന്നും ജനുവരി 16-ന് പാലമേട് വില്ലേജിൽ പാലമേട് ജല്ലിക്കെട്ട് മത്സരവും 17-ന് ലോകപ്രശസ്തമായ അളങ്കാനല്ലൂർ ജല്ലിക്കെട്ട് മത്സരവും നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.
‘ജല്ലി’, ‘കെട്ട്’ എന്നീ തമിഴ് പദങ്ങളിൽ നിന്നാണ് ‘ജല്ലിക്കെട്ട്’ എന്ന പദം ഉണ്ടായത്. ജല്ലി എന്നത് സ്വർണ്ണ – വെള്ളി നാണയങ്ങളെ സൂചിപ്പിക്കുന്നു. കെട്ട് എന്നാൽ ‘കെട്ടിയത്’ എന്നാണ് അർത്ഥം. കാളകളുടെ കൊമ്പിൽ കെട്ടിയിരിക്കുന്ന നാണയങ്ങളെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്, ഇത് കാളയെ മെരുക്കുന്നയാൾക്കുള്ള സമ്മാനമായി കണക്കാക്കപ്പെടുന്നു. മെരുക്കാൻ ശ്രമിച്ച് ആളുകൾ പരാജയപ്പെട്ടാൽ, കാളയുടെ ഉടമ സമ്മാനം നേടും.
“മഞ്ജു വിരട്ട്” എന്ന പേരിൽ അറിയപ്പെടുന്ന മറ്റൊരു തരം ജെല്ലിക്കെട്ടും നടക്കാറുണ്ട്.ഒന്നിനുപുറകെ ഒന്നായി കാളകളുടെ ഒരു നിരയെ ഒരു തുറസായ ഇടത്തേക്ക് തുറന്നു വിടുന്നതാണ് ഈ മത്സരം. കാള പുറത്തേക്ക് വരുമ്പോൾ ഒരാൾ കാളയുടെ കൊമ്പിൽ പറ്റിപ്പിടിക്കുന്നു. പിടിയിൽ നിന്നും മോചിതനാവാനുള്ള ശ്രമത്തിൽ, കാള ആ മനുഷ്യനെ കുലുക്കുന്നു, ചിലപ്പോൾ കൊമ്പുകൾ കൊണ്ട് കളിക്കാരനെ കുത്തി എറിയാൻ ശ്രമിക്കുന്നു. ഒരു സമയം ഒരു കാളയെപ്പിടിക്കാൻ ഒരാൾക്ക് മാത്രമേ അനുവാദമുള്ളൂ. കാളയെ തുരത്തുന്നത് എന്നാണ് മഞ്ജു വിരട്ടിന്റെ അർത്ഥം.
ജനുവരി 10 ഉച്ചകഴിഞ്ഞ് ആരംഭിച്ച രജിസ്‌ട്രേഷൻ ഇന്നലെ ജനുവരി 11 ഉച്ചവരെ നടന്നു. ഇക്കുറി പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തവരുടെ എണ്ണം മുൻ വർഷത്തേതിൽ കുറവാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി പ്രദേശവാസികൾ അവരുടെ വീടുകളിൽ ചായം പൂശി ഉത്സവത്തോടുള്ള ആവേശം പ്രകടിപ്പിക്കുന്നു. കാളകളെ പിടിച്ചു കെട്ടാൻ ശ്രമിക്കുന്നവർക്ക് കുത്തി പരിക്കേൽക്കുന്നത് തടയാൻ കൊമ്പിൽ റബ്ബർ കാനിസ്റ്ററുകൾ ഘടിപ്പിക്കാൻ ജില്ലാ ഭരണകൂടവും മൃഗസംരക്ഷണ വകുപ്പും ആലോചിക്കുന്നുണ്ട്. ഈ ഉദ്യമത്തിന് പല കോണുകളിൽ നിന്നും എതിർപ്പുകൾ ഉയർന്നിട്ടുണ്ട്.
2014-ൽ സുപ്രീം കോടതി ജല്ലിക്കെട്ടിന് നിരോധനം ഏർപ്പെടുത്തിയിരുന്നുവെങ്കിലും പങ്കെടുക്കുന്നവരുടെയും കാളകളുടെയും സുരക്ഷ ഉറപ്പാക്കാൻ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് 2017-ൽ തമിഴ്‌നാട് സർക്കാർ പരിപാടി അനുവദിക്കാൻ ഓർഡിനൻസ് പാസാക്കി. 2023 മെയ് മാസത്തിൽ ‘ജല്ലിക്കട്ട്’ അനുവദിച്ചുകൊണ്ടുള്ള തമിഴ്‌നാട് സർക്കാരിന്റെ നിയമം സുപ്രീം കോടതി ശരിവച്ചു.
Photo : Tamilnadu Jallikattu Sports