എറണാകുളം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച കേസിൽ എസ്‍എഫ്ഐ പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രതികൾക്കെതിരായ പ്രോസിക്യൂഷൻ ഉന്നയിക്കുന്ന ആരോപണങ്ങൾ ഗുരുതരവും കുറ്റകരവുമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിലൂടെ തീക്ഷ്ണമായ രാഷ്‌ട്രീയ ആശയങ്ങളും പെട്ടെന്നുണ്ടാകുന്ന ആവേശവും പലരെയും ഗുണ്ടായിസത്തിലേക്ക് നയിക്കുന്നു. പരിണിത ഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെയാണ് ഇത്തരത്തിൽ ആവേശം കാട്ടുന്നത്. യാഥാർത്ഥ്യത്തിലേക്ക് അടുക്കുമ്പോൾ ജയിലിലാകും. ഇത് തടയാൻ ക്രിയാത്മകമായ ഇടങ്ങളും ആശയ വിനിമയങ്ങളും ഉണ്ടാകണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസമെന്ന ആയുധത്തിന്റെ തിളക്കം നഷ്ടപ്പെടുന്നു. വിദ്യാർത്ഥികൾ ഭാവിയുടെ ശിൽപ്പികളാകണം. തെറ്റുകളുടെ പേരിൽ വിദ്യാർത്ഥികൾ ഒരിക്കലും അറിയപ്പെടരുത്. നാശത്തിന് വേണ്ടി അറിവെന്ന ശക്തി വിദ്യാർത്ഥികൾ പ്രയോഗിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.















