കൊൽക്കത്ത: ബംഗാളിൽ സന്യാസിമാർക്ക് നേരെ ടിഎംസി ഗുണ്ടകളുടെ ആക്രമണം. പശ്ചിമ ബംഗാളിലെ പുരുലിയയിലാണ് സംഭവം. മകരസംക്രാന്തി ആഘോഷത്തിന്റെ ഭാഗമായി ഗംഗാസാഗറിലേക്ക് പോകുകയായിരുന്ന സന്യാസിമാരെയാണ് ആക്രമിച്ചത്. 30 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യത്തിൽ സന്യാസിമാരുടെ വസ്ത്രം വലിച്ചുകീറുന്നതും മർദ്ദിക്കുന്നതും കാണാനാകും.
വിഷയത്തിൽ ബെംഗാൾ സർക്കാരിനും തൃണമൂൽ കോൺഗ്രസിനുമെതിരെ വിമർശനവുമായി ബിജെപി രംഗത്തുവന്നു. മമതാ ബാനർജി വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും, ഹിന്ദുക്കളെ പൗരന്മാരായി കാണുന്നില്ലേയെന്നും ബിജെപി ചോദിച്ചു.
ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും വിഷയത്തിൽ പ്രതികരിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. പാൽഘറിൽ സന്യാസിമാരെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് സമാനമാണ് പുരുലിയ സംഭവമെന്നും മമതാ ബാനർജിയുടെ ഭരണത്തിൽ ഷാജഹാൻ ഷെയ്ഖിനെപ്പോലുള്ള ഭീകരവാദികളെ സരക്ഷിക്കുകയാണെന്നും സാധുക്കളും സന്യാസിമാരും കൊല്ലപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് ഹിന്ദുവായിരിക്കുക എന്നത് കുറ്റകരമായി മാറിയെന്നും അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർത്തു.