ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് ടാങ്കായ സൊരാവാറിന്റെ പരീക്ഷണങ്ങൾ ആരംഭിച്ച് ഡിആർഡിഒ. ലഡാക്ക് ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിൽ എളുപ്പത്തിൽ പ്രതിരോധം തീർക്കാൻ സൊരരാവാറിന് കഴിയുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഭാരം കുറഞ്ഞ ടാങ്ക് ആയതിനാൽ എളുപ്പത്തിൽ സഞ്ചരിക്കാൻ സാധിക്കുന്നു. കൂടുതൽ പരീക്ഷണങ്ങൾക്ക് ശേഷം നാല് മാസത്തിനകം സൈന്യത്തിന് ഇത് കൈമാറുമെന്ന് വൃത്തങ്ങൾ അറിയിച്ചു. സ്വകാര്യ കമ്പനിയായ എൽ ആൻഡ് റ്റിയുടെ സഹായത്തോടെയാണ് ലൈറ്റ് ടാങ്കിന്റെ നിർമ്മാണം.
മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ എൽ ആൻഡ് റ്റിയുമായി സഹകരിച്ച് പർവത മേഖലകളിൽ അതിവേഗം സഞ്ചരിക്കാൻ കഴിയുന്ന 25 ടൺ ഭാരമുള്ള ലൈറ്റ് ടാങ്ക് നിർമ്മിക്കാനുള്ള പദ്ധതിയിലാണ് ഡിആർഡിഒ. ചൈനീസ് ലൈറ്റ് ടാങ്കുകളെ ഇന്ത്യൻ സൈന്യം നേരിട്ട കിഴക്കൻ ലഡാക്കിലെ പാംഗോങ് ത്സോ തടാകം ഉൾപ്പെടെയുള്ള നദീതട പ്രദേശങ്ങളിലും ഇവ വിന്യസിക്കാനും സൈന്യം പദ്ധതിയിടുന്നു.