അയോദ്ധ്യ: രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാംലല്ലയെ പ്രതിഷ്ഠിക്കുന്നതോടെ രാമരാജ്യം സാധ്യമാകുകയാണെന്ന് രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. എല്ലാ ജനങ്ങൾക്കും സന്തുഷ്ടരായി ജീവിക്കാൻ സാധിക്കുന്ന ഒരു ഉത്തമ ഭരണത്തെയാണ് “രാമരാജ്യം” എന്നത് സൂചിപ്പിക്കുന്നത്. വളരെ വേഗം ക്ഷേത്രം നിർമ്മിക്കാൻ സാധിച്ചതിലുള്ള സന്തോഷവും അദ്ദേഹം വ്യക്തമാക്കി.
“രാമക്ഷേത്രം ഒരിക്കൽ നിർമ്മിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇത്രയും വലിയ ഒരു ക്ഷേത്രം ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മനോഹരമാണ് അയോദ്ധ്യ രാമക്ഷേത്രം. ശ്രീരാമന്റെ ക്ഷേത്രം കണ്ടതിൽ എനിക്ക് അതിയായ സന്തോഷം ഉണ്ട്. രാമരാജ്യം വരുന്നു…അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാം ലല്ലയെ പ്രതിഷ്ഠിക്കുന്നതോടെ രാമ രാജ്യം സാധ്യമാകും”
“1949 ഡിസംബർ 23 ന് തർക്കഭൂമിയിൽ രാമലല്ല വിഗ്രഹം പ്രത്യക്ഷപ്പെട്ടു. അതിനുശേഷം കോടതിയുടെ ഉത്തരവനുസരിച്ച് ജനങ്ങൾ അവിടെ ആരാധന ആരംഭിച്ചു. 1992 മാർച്ച് 1 ന് ഞാൻ അയോദ്ധ്യ രാമക്ഷേത്രത്തിലെ പുരോഹിതനായി. അതിനുമുമ്പ് കർസേവകർ എത്തി. തർക്ക മന്ദിരം തകർക്കപ്പെട്ടു. 1992 ഡിസംബർ 6 ന് രാംലല്ലയെ ഒരു ടെന്റിലേക്ക് ഞങ്ങൾ കൊണ്ടുപോയി. ഇന്ന്, രാമക്ഷേത്രം നിർമ്മിക്കുന്നതിൽ സന്തോഷം തോന്നുന്നു. രാമരാജ്യം എന്നത് എല്ലാവരും സന്തുഷ്ടരാകുന്ന ഒരു ഉത്തമ ഭരണത്തെ സൂചിപ്പിക്കുന്നു”- ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.