ഇന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തെലുങ്ക് ചിത്രമാണ് ഹനുമാൻ. പ്രശാന്ത് വർമ്മയുടെ സംവിധാനത്തിൽ തേജ സജ്ജ നായകനായെത്തിയ സിനിമ കഴിഞ്ഞ ദിവസമായിരുന്നു തീയേറ്ററുകളിലെത്തിയത്. ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.
റിലീസിന് ഹനുമാൻ ആകെ 11 കോടിയില്‍ അധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ചിത്രം ഒരു സർപ്രൈസ് ഹിറ്റായി മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. ആഗോള ബോക്സ് ഓഫീസില്‍ 100 കോടി രൂപയില്‍ അധികം ഹനുമാൻ നേടുമെന്നും അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നുണ്ട്.
ഭഗവാൻ ഹനുമാന്റെ ശക്തി ലഭിക്കുന്ന അതിമാനുഷികനായ ഒരു യുവാവിന്റെ കഥയാണ് സിനിമ പറയുന്ന്. കൽക്കി, സോംബി റെഡ്ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ തെലുങ്ക് സംവിധായകനാണ് പ്രശാന്ത് വർമ്മ. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും പ്രശാന്ത് വർമ്മ തന്നെയാണ്. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ സിനിമയാണ് ഹനുമാൻ. അമൃത അയ്യർ ചിത്രത്തിൽ നായിക.
പ്രൈംഷോ എന്റർടെയ്‍ൻമെന്റിന്റെ ബാനറിൽ കെ. നിരഞ്‍ജൻ റെഡ്ഡിയാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചത്. വരലക്ഷ്മി ശരത്കുമാർ, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ശിവേന്ദ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.