തിരുവനന്തപുരം: ഇരവാദം ഉയർത്തി രക്ഷപ്പെടാമെന്ന് സിപിഎം കരുതണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി ആയാലും മകളായാലും നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകുമെന്നും വി.മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ കിടന്നത് ഇതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരെ കേന്ദ്ര അന്വേഷണം പുറപ്പെടുവിച്ച സാഹചര്യത്തിലാണ് വി.മുളീധരൻ പ്രതികരിച്ചത്.
‘സിപിഎം ഇരവാദം ഉയർത്തി രക്ഷപ്പെടാമെന്ന് കരുതണ്ട. മുഖ്യമന്ത്രി ആയാലും മകളായാലും നിയമം നിയമത്തിന്റെ വഴിക്ക് പോകും. എന്ത് ബിസിനസിന്റെ പേരിലാണ് ഒന്നേമുക്കാൽ കോടി വാങ്ങിയതെന്ന് മുഖ്യമന്ത്രിയുടെ മകൾ വ്യക്തമാക്കണം. എല്ലാ കേസുകളിലും അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി തന്നെ ജയിലിൽ കിടന്നത് അതിന് ഉദാഹരണമാണ്.
മാർക്സിസ്റ്റ് പാർട്ടിയുടെ നിലപാടാണ് പൊളിഞ്ഞു പോയിരിക്കുന്നത്. ഒന്നേമുക്കാൽ കോടി രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാടെന്നായിരുന്നു ഇത്രയും കാലം സിപിഎം പറഞ്ഞുകൊണ്ടിരുന്നത്. പരസ്പരം ഒരു ബിസിനസ് ഇടപാടാണ് നടന്നതെങ്കിൽ എന്ത് ബിസിനസാണ് ഇവർ തമ്മിൽ നടന്നത്. ഏത് ബിസിനസിന്റെ പേരിലാണ് ഒന്നേ മുക്കാൽ കോടി കിട്ടിയത്. ഇതൊക്കെയും വിശദീകരിക്കണം. ഇവയൊന്നും ഇതുവരെയും വിശദീകരിച്ചിട്ടില്ല. വിഷയം പുറത്ത് വന്നിട്ട് തന്നെ അഞ്ചോ ആറോ മാസമായിരിക്കുകയാണ്. അങ്ങനെയൊരു സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിനുള്ള ഉത്തരവ് വന്നിരിക്കുന്നത്. തീർച്ചയായും നിയമം നിയമത്തിന്റെ വഴിക്ക് പോകും. മാർക്സിസ്റ്റ് പാർട്ടിക്കാമെങ്കിലും പിണറായി വിജയനാണെങ്കിലും മകൾ വീണക്കാണെങ്കിലും നിയമം ബാധകമാണ്.’- വി.മുരളീധരൻ പറഞ്ഞു.
കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയമാണ് എക്‌സാലോജിക്കിനെതിരെ അന്വേഷണം പുറപ്പെടുവിച്ചത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലും എക്‌സാലോജിക്കും തമ്മിലുള്ള അനധികൃത ഇടപാടുകളെക്കുറിച്ചാണ് കോർപ്പറേറ്റ് മന്ത്രാലയം അന്വേഷിക്കുക. കർണാടക ഡെപ്യൂട്ടി രജിസ്ട്രാർ ഓഫ് കമ്പനീസ് വരുൺ ബിഎസ്, ചെന്നൈ ഡെപ്യൂട്ടി ഡയറക്ടർ കെഎം ശങ്കര നാരായൺ, പുതുച്ചേരി ആർഒസി എ ഗോകുൽനാഥ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. നാല് മാസത്തിനുള്ളിൽ സമിതി കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും.