തായ്‌പേ: ചൈനയ്‌ക്ക് തിരിച്ചടിയേകി തായ്‌വാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ (ഡിപിപി) സ്ഥാനാർത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ വില്യം ലായ് ചിംഗ് തേ തിരഞ്ഞെടുപ്പിൽ വിജയിച്ചു. ഇതോടെ ചരിത്ര വിജയമാണ് ഡിപിപി സ്വന്തമാക്കിയത്. തുടർച്ചയായ മൂന്നാം തവണ തായ്‌വാനിൽ ഡിപിപി അധികാരത്തിലെത്തുകയാണ്.
ചൈനീസ് നയങ്ങളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്ന ഭരണകക്ഷിക്കാണ് വിജയമെന്നത് ഷി ജിൻ പിംഗ് ഭരണകൂടത്തിന് വീണ്ടും വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. സെൻട്രൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം ഡിപിപിയുടെ ലായ് ചിംഗ് തേയ്‌ക്ക് 5 ദശലക്ഷം വോട്ടുകൾ ലഭിച്ചു. 40 ശതമാനത്തിലധികം വോട്ടുകളാണ് തേയ്‌ക്ക് ലഭിച്ചത്. 2016 മുതൽ തായ്‌വാൻ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ഡിപിപിയുടെ വനിതാ നേതാവ് സായ് വിംഗ് വേനയാണ്.
ചൈനയുമായും അമേരിക്കയുമായുള്ള തായ്‌വാൻ ബന്ധത്തിന്റെ ഭാവി നിർണ്ണയിക്കുന്ന തിരെഞ്ഞെടുപ്പിന്റ ഫലമാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്. ഡിപിപി കൂടാതെ തായ്‌വാൻ പീപ്പിൾസ് പാർട്ടി, കൊമിൻതാങ്ങ് എന്നിവരായിരുന്നു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച മറ്റ് പാർട്ടികൾ. ഡിപിപി ഒഴികെയുള്ളവർ ചൈനയ്‌ക്ക് കുടപിടിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ചൈനയെ എതിർക്കുന്ന ഭരണകക്ഷിയായ ഡിപിപിക്ക് തുടക്കം മുതലേ തിരഞ്ഞെടുപ്പിൽ മേൽക്കൈ ഉണ്ടായിരുന്നു.