പ്രശാന്ത് വർമ്മയുടെ സംവിധാനത്തിൽ തേജ സജ്ജയെ നായകനാക്കി പുറത്തിറക്കിയ ‘ ഹനുമാൻ’ സിനിമയ്‌ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്നലെയാണ് ചിത്രം പതിനൊന്ന് ഭാഷകളിലായി പ്രദർശനത്തിനെത്തിയത്. ആദ്യ ദിനത്തിൽ തന്നെ വൻ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയതിനു പിന്നാലെ സിനിമയുടെ അണിയപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ഉണ്ണി മുകുന്ദൻ. സമൂഹ മാദ്ധ്യമമായ ഫേസ്ബുക്കിലൂടെയാണ് സിനിമയെ പ്രശംസിച്ച് താരം രംഗത്തെത്തിയത്.
” എന്തൊരു അത്ഭുതകരമായ സിനിമയാണിത്. ശരിക്കും രോമാഞ്ചമേകുന്ന സിനിമ. ജയ് ഹനുമാൻ, ജയ് ശ്രീരാം. സിനിമയുടെ എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.” – ഉണ്ണി മുകുന്ദൻ കുറിച്ചു.
‘ അഞ്ജനാദരി’ എന്ന സാങ്കൽപ്പിക ലോകത്താണ് ഹനു-മാന്റെ കഥ നടക്കുന്നത്. ഭഗവാന്റെ ശക്തികൾ ലഭിക്കുന്ന യുവാവ് അതിമാനുഷികനായി മാറുകയും തുടർന്ന് അഞ്ജനാദരി എന്ന ലോകത്തെ തിന്മയിൽ നിന്നും രക്ഷിക്കുന്നതുമാണ് സിനിമയുടെ കഥ. പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ. നിരഞ്ജൻ റെഡ്ഡിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അമൃത നായരാണ് തേജയുടെ നായികയായി എത്തുന്നത്. വരലക്ഷ്മി ശരത്കുമാർ, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു.