ഡൽഹി: അയോദ്ധ്യയ്‌ക്ക് അർഹമായ ബഹുമതി ഒടുവിൽ ലഭിച്ചുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സ്വാതന്ത്ര്യം ലഭിച്ച ഉടൻ അയോദ്ധ്യയ്‌ക്ക് അത് നൽകേണ്ടതായിരുന്നു. മുസ്ലീങ്ങൾക്ക് മക്കയും ക്രിസ്ത്യാനികൾക്ക് ജറുസലേമും പോലെ തന്നെ ഹിന്ദു വിശ്വാസികളുടെ പുണ്യ ഭൂമിയാണ് അയോദ്ധ്യ എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ബിജെപി നേതാവ് ബൽബീർ പുഞ്ചിന്റെ ‘ട്രൈസ്റ്റ് വിത്ത് അയോദ്ധ്യ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ശ്രീരാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തിരുന്ന ചിലർ ഇന്ന് മാറ്റി നിർത്തപ്പെട്ടു. രാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന ആളുകൾ ഈ രാജ്യത്തുണ്ടായിരുന്നു. അവർ ശ്രീരാമ ഭഗവാനെ ഒരു സാങ്കൽപ്പിക കഥാപാത്രം എന്നാണ് വിളിച്ചിരുന്നത്. അത്തരക്കാരെ ജനങ്ങൾ മാറ്റി നിർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി കാരണം ശ്രീരാമനെ ചോദ്യം ചെയ്തിരുന്നവർ പോലും ഇപ്പോൾ ഭഗവാനെ സ്തുതിച്ചുകൊണ്ട് നടക്കുകയാണ്’.
‘രാമനില്ലാത്ത ഭാരതത്തെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല. സ്വാതന്ത്ര്യത്തിന് ശേഷം ഉടനടി ലഭിക്കേണ്ട സ്ഥാനം ഇന്ന് അയോദ്ധ്യയ്‌ക്ക് ലഭിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് അന്ന് അത് സംഭവിക്കാത്തതെന്ന് ‘ട്രൈസ്റ്റ് വിത്ത് അയോദ്ധ്യ’ എന്ന പുസ്തകം അന്വേഷിക്കുന്നു’-രാജ്‌നാഥ് സിംഗ് പറഞ്ഞു. രാമക്ഷേത്രം ഒരിക്കലും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പ്രശ്‌നമായിരുന്നില്ല. ചിലർ അത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടിയുള്ള ഒന്നാക്കി മാറ്റിയതാണെന്ന് ബൽബീർ പുഞ്ചും വ്യക്തമാക്കി. അയോദ്ധ്യയിൽ ക്ഷേത്രം നിർമ്മിക്കരുത് എന്ന് ആഗ്രഹിച്ച ആളായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.















