ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന ഒരു വ്യക്തിയെ എതിർക്കുന്നതിന് വേണ്ടി മാത്രം രൂപീകരിച്ചതാണ് ഇൻഡി മുന്നണിയെന്ന വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ആളുകളെ രസിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു നാടകം മാത്രമാണ് അതിനുള്ളിൽ നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ” ഇൻഡി മുന്നണി തന്നെ ഒരു നാടക സംഘമാണ്. അവർ നിങ്ങളെ രസിപ്പിച്ചു കൊണ്ടേ ഇരിക്കും.
ഒരാൾ രാവിലെയും മറ്റൊരാൾ വൈകിട്ടും എന്തെങ്കിലുമൊക്കെ അനാവശ്യമായി പറഞ്ഞു കൊണ്ടിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന ഒറ്റ വ്യക്തിയെ മാത്രമാണ് ഈ സഖ്യം ലക്ഷ്യം വച്ചിരിക്കുന്നത്. അല്ലാതെ മറ്റൊരു ലക്ഷ്യവും ഈ സഖ്യത്തിനില്ല. എടുത്തുപറയത്തക്ക യാതൊരു വിധ നന്മയോ സ്വാധീനമോ ഇവർക്കില്ലെന്നും” ഹിമന്ത ബിശ്വ ശർമ്മ പരിഹസിച്ചു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഇൻഡി മുന്നണി കൺവീനർ സ്ഥാനം നിഷേധിച്ചതുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, പ്രതിപക്ഷ സഖ്യത്തിൽ നിന്ന് നിങ്ങളെ രസിപ്പിക്കുന്ന വാർത്തകൾ ഇനിയും തുടർച്ചയായി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ” മുന്നണിയുടെ കൺവീനറാകാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് നിതീഷ് അടുത്തിടെ വരെ പറഞ്ഞത്. അങ്ങനെ ഒരു സ്ഥാനം ആഗ്രഹിക്കുന്നില്ലെന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്. ഇതുപോലെയുള്ള രസകരമായ വാർത്തകൾ അതിനുള്ളിൽ നിന്ന് ഇനിയും വരുമെന്നും” പറഞ്ഞു.
ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ ആഞ്ഞടിച്ച ഹിമന്ത ബിശ്വ ശർമ്മ, രാമനോട് അനീതി കാണിക്കുന്നയാൾ ഇന്ത്യയോട് എന്ത് നീതിയാണ് ചെയ്യുകയെന്നും ചോദിച്ചു. ” രാമക്ഷേത്ര നിർമ്മാണത്തിനെതിരെ കോൺഗ്രസ് പല തവണ രംഗത്ത് വന്നിട്ടുണ്ട്. അവരുടെ ജീവിതകാലം മുഴുവൻ പാപങ്ങൾ ചെയ്തിരുന്ന ഒരു പാർട്ടിയാണ് അത്. അയോദ്ധ്യയിൽ ക്ഷേത്രം ഉയരാതിരിക്കാൻ അവർ പലരീതിയിലും ഗൂഢാലോചനകൾ നടത്തി. ബാബർ മാത്രമാണ് അവർക്ക് പ്രിയപ്പെട്ടതെന്നും” അദ്ദേഹം പറഞ്ഞു.















