വാഷിംഗ്ടൺ: ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പ് തള്ളിയതിന് പിന്നാലെ, യെമനിലെ ഹൂതി വിഭാഗത്തിന്റെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ആക്രമണങ്ങൾ നടത്തിയതായി യുഎസ് സൈന്യവും സുരക്ഷാ വൃത്തങ്ങളും അറിയിച്ചു. ചെങ്കടൽ വഴിയുള്ള കപ്പലുകൾക്ക് നേരെ ഹൂതി വിമതർ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ അമേരിക്ക ഉൾപ്പെടെ 12ഓളം രാജ്യങ്ങൾ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇത് മറികടന്നും ഹൂതി വിമതർ ആക്രമണം തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നീക്കം.
ഇന്നലെയാണ് യെമനിലെ ഹൂതികളെ ലക്ഷ്യമിട്ട് പുതിയ ആക്രമണങ്ങൾ നടന്നത്. ഇതിന് രണ്ട് ദിവസം മുൻപാണ് ആദ്യ ആക്രമണം ഉണ്ടായത്. എന്നാൽ ഈ നീക്കങ്ങളിൽ ഭയപ്പെടില്ലെന്നും, ചെങ്കടൽ വഴി പോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഹൂതി വിമതർ വീണ്ടും പ്രഖ്യാപിച്ചതോടെയാണ് ഇന്നലെ യുഎസ് സൈന്യം ഹൂതി റഡാർ സൈറ്റിൽ ആക്രമണം നടത്തിയത്.
കഴിഞ്ഞ ദിവസത്തേതിന് തുടർച്ചയാണ് ഇന്നലെ നടന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. സനയിലെ അൽ ദൈലാമി വ്യോമതാവളത്തിൽ ബോംബാക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായി ഹൂതികളുടെ ഔദ്യോഗിക മാദ്ധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഹൂതികളുമായി ബന്ധപ്പെട്ട് ഇറാന് രഹസ്യ സന്ദേശം നൽകിയതായി പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഹൂതികളെ ഈ മേഖലയിൽ വിന്യസിച്ചത് ഇറാനാണെന്നും, അവരുടെ ആക്രമണങ്ങളിൽ നിന്ന് കപ്പലുകളുടെ സംരക്ഷണം ഉറപ്പാക്കുമെന്നും ജോ ബൈഡൻ വ്യക്തമാക്കി.















