മുംബൈ: വിമാനത്താവളത്തിൽ വച്ച് 78 വർഷം പഴക്കമുള്ള പേനയും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പരാതി. മണിപ്പാൽ ഗ്രൂപ്പ് ഡയറക്ടർ ബിനോദ് കുമാർ മണ്ഡലാണ് പരാതി ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. 5,000 രൂപ വരുന്നതും ഏഴ് പതിറ്റാണ്ട് പഴക്കമുള്ളതുമായ ഫൗണ്ടൻ പേനയാണ് മണ്ഡലിന് നഷ്ടമായത്.
മംഗളൂരുവിൽ നിന്നാണ് അദ്ദേഹം മുംബൈ വിമാനത്താവളത്തിലെത്തിയത്. ചെക്ക്-ഇൻ ചെയ്ത് ബാഗിലാണ് പണവും പേനയും സൂക്ഷിച്ചിരുന്നതെന്ന് അദ്ദേഹം പറയുന്നു. കയ്യിൽ വയ്ക്കുന്നതിനേക്കാൾ ബാഗിൽ സൂക്ഷിക്കുന്നതാകും സുരക്ഷിതമെന്ന് കരുതിയാണ് ബാഗിൽ സൂക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെത്തിയപ്പോഴാണ് ബാഗിന്റെ സിപ്പ് ആരോ തുറന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മുംബൈ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
1946-ൽ മണ്ഡലിന്റെ മുത്തച്ഛൻ സമ്മാനിച്ചതാണ് പേന. ജീവിതത്തിലേറെ വില കൽപ്പിക്കുന്ന പേനയാണ് മോഷ്ടിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അദ്ദേഹം യാത്ര ചെയ്ത ഇൻഡിഗോ എയർലൈൻസിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായി പോലീസ് അറിയിച്ചു.