വയനാട്: മൂടക്കൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങി പന്നികളെ കൊലപ്പെടുത്തി. ശ്രീജിത്ത്, അനീഷ് എന്നിവരുടെ ഫാമിലെ പന്നികളെയാണ് കൊലപ്പെടുത്തി ഭക്ഷിച്ചത്. ഇവയെ വലിച്ചു കൊണ്ടു പോയതിന്റെ അടയാളങ്ങളും ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങളും ഫാമിൽ നിന്നും സമീപ ഭാഗങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പന്നികളെ കൊന്ന് ഭക്ഷിച്ചത് കടുവ തന്നെയാണെന്നാണ് നാട്ടുകാരും ഫാം ഉടമകളും പറയുന്നത്.
ഈ മാസം ഇതു രണ്ടാം തവണയാണ് ഫാമിലുള്ള പന്നികളെ കടുവ കൊലപ്പെടുത്തുന്നത്. കഴിഞ്ഞ ആറാം തീയതി ഇതേ ഫാമിലെ 21 പന്നിക്കുഞ്ഞുങ്ങളെ കടുവ കൊലപ്പെടുത്തി ഭക്ഷിച്ചിരുന്നു. തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി ക്യാമറകൾ സ്ഥാപിച്ച് പ്രദേശം നിരീക്ഷിക്കുന്നുണ്ടെങ്കിലും കടുവയെ പിടികൂടാനോ തിരിച്ചറിയാനോ സാധിച്ചിട്ടില്ല. നരഭോജി കടുവ ഇറങ്ങിയ പ്രദേശങ്ങളിൽ തന്നെയാണ് വീണ്ടും ഇത്തരത്തിലൊരു സംഭവം ആവർത്തിക്കുന്നത്. വനംവകുപ്പിന്റെ ഭാഗത്തു നിന്നും വേണ്ട നടപടി എടുക്കാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.