ന്യൂഡൽഹി: സമൃദ്ധിയുടെ ഉത്സവമായ പൊങ്കലിന് മുന്നോടിയായി ജനങ്ങൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏക ഭാരതം, ശ്രേഷ്ഠ ഭാരതമെന്ന വികാരത്തെ പ്രതിഫലിപ്പിക്കുന്ന ആഘോഷമാണ് പൊങ്കൽ എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വികാരം നാം 2047-ൽ വികസിത ഭാരതം കെട്ടുപ്പടുത്തും വരെ അലയടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യം ഇന്നലെ ലോഹ്രി ഉത്സവത്തിന്റെ നിറവിലായിരുന്നു. ചിലർ ഇന്ന് മകരസംക്രാന്തി ആഘോഷിക്കുന്നു, ചിലർ നാളെ ആഘോഷിക്കും. ഏവർക്കും ആശംസകൾ അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ന്യൂഡൽഹിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സന്തോഷകരമായ പൊങ്കൽ ആശംസിക്കുന്നുവെന്ന് കേന്ദ്രമന്ത്രി എൽ മുരുകൻ പറഞ്ഞു. ഓരോരുത്തരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു. സ്വന്തം ബന്ധുക്കളോടൊപ്പം പൊങ്കൽ ആഘോഷിക്കുന്നതായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നാളെയാണ് വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കൽ. വിളവെടുപ്പിന്റെ സമൃദ്ധി നൽകിയതിന് സൂര്യദേവന് നന്ദി പറയുന്ന ആചാരമായാണ് ഇത് ആഘോഷിക്കപ്പെടുന്നത്. അതിനാൽ സമ്പത്തിന്റെയും സമൃദ്ധിയുടെയും നന്മയുടെയും ഉത്സവം കൂടിയാണ്. ബോഗി, തൈപ്പൊങ്കൽ, മാട്ടുപൊങ്കൽ, കാണുംപൊങ്കൽ എന്നിവയാണ് പൊങ്കലിനോട് അനുബന്ധിച്ചുള്ള പ്രധാന ആഘോഷ ദിവസങ്ങൾ.