ഹിമാലയശൃംഗങ്ങള്‍ക്കിടയിലെ ഒരു കൊച്ചുപട്ടണമാണ് ഗംഗോത്രി. ഹിമഭൂവിൽ പ്രതിഫലിക്കുന്ന ഉദയസൂര്യനാല്‍ ആദ്യം ഉണരുന്ന ക്ഷേത്രനഗരം.
സമുദ്രനിരപ്പിൽ നിന്നും 3100 മീറ്റർ ഉയരത്തിൽ, ഹിമാലയത്തിന്‍റെ മടിത്തട്ടില്‍ സ്ഥിതിചെയ്യുന്ന പ്രദേശമാണിത് . ഗംഗാദേവിയുടെ ഒരു പുരാതനക്ഷേത്രമാണ് ഇവിടെ ഏറ്റവും പ്രധാനം. പതിനെട്ടാം നൂറ്റാണ്ടിൽ ഗൂർഖാ നേതാവായിരുന്ന അമർ സിങ് താപ്പ നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലേക്ക് വര്‍ഷം തോറും നിരവധി തീർത്ഥാടകരെത്തുന്നു. ഗംഗ നദിയുടെ ഉത്ഭവവും ഇവിടെ നിന്നാണ്.
ഗംഗോത്രി ക്ഷേത്രത്തിനടുത്ത്, ഒരു അര കിലോമീറ്റര്‍ ചുറ്റളവില്‍ മനോഹരമായ സൂര്യകുണ്ഡ് വെള്ളച്ചാട്ടമുണ്ട്. ശിവന്‍റെ ഭാര്യയായ പാർവതി ദേവി കുളിച്ചിരുന്നതെന്നു വിശ്വസിക്കപ്പെടുന്ന ഒരു കുളവും ഇവിടെയുണ്ട്. ഇവിടെ സൂര്യദേവനെ ആരാധിക്കുന്നു. ഭൂമിയില്‍ സൂര്യരശ്മികള്‍ ആദ്യം പതിച്ചത് സൂര്യകുണ്ഡിലാണെന്ന് പുരാണങ്ങളില്‍ പറയുന്നു. പകല്‍സമയത്ത് ഇവിടെ എപ്പോഴും മഴവില്ല് വിരിഞ്ഞുനില്‍ക്കുന്ന കാഴ്ച കാണാനാവും.
ഗംഗോത്രിയില്‍ നിന്നും 19 കിലോമീറ്റര്‍ ദൂരമുണ്ട് ഗോമുഖിലേക്ക്. ഭഗീരഥന്റെ അപേക്ഷപ്രകാരം ഭൂമിയിലെത്തിയതിനാല്‍ ഗംഗാനദി ഭാഗീരഥി എന്ന പേരില്‍ അറിയപ്പെടുന്നു എന്നാണ് ഐതിഹ്യം. ഭാഗീരഥിനദിയുടെ കരയിലാണ് ചതുര്‍ധാമയാത്രയിലെ പ്രധാനപ്പെട്ട സന്ദര്‍ശനയിടമായ ഗംഗോത്രി.ഗ്യാനേശ്വര്‍ ക്ഷേത്രം, ഏകാദശ് രുദ്രക്ഷേത്രം എന്നിവയാണ് ഗംഗോത്രിയിലെ പേരുകേട്ട മറ്റുക്ഷേത്രങ്ങള്‍.
ഏകാദശി രുദ്രാഭിഷേക പൂജയാണ് ഇവിടത്തെ പ്രധാന ആഘോഷം. മതപരമായി ഏറെ പ്രാധാന്യമുള്ള രണ്ട് കാര്യങ്ങളാണ് ഗംഗോത്രിയിലെ ഭാഗീരഥി ശിലയും ശിവലിംഗവും. ഭഗീരഥന്‍ പ്രാര്‍ത്ഥിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ശിലയാണ് പിന്നീട് ഭാഗീരഥി ശില എന്ന പേരില്‍ പ്രശസ്തമായത്.















