മലൈക്കോട്ടൈ വാലിബനിൽ മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച് നടൻ ഹരീഷ് പേരടി. മോഹൻലാൽ എന്ന നടനെയും മോഹൻലാൽ എന്ന മനുഷ്യനെയും കൃത്യമായി തന്നെ അടയാളപ്പെടുത്തുകയാണ് താരം. ഒരുപാട് വലിയ പാഠങ്ങൾ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാതെ പിരിഞ്ഞുപോയ ഗുരുവാണ് മോഹൻലാൽ എന്ന് ഹരീഷ് പേരടി പറയുന്നു. കുറിപ്പ് ഇങ്ങനെ…,
“കഥാപാത്രമായി ഈ മനുഷ്യനോടൊപ്പം നിൽക്കുന്ന നിമിഷങ്ങൾ അഭിനയ ജീവിതത്തിലെ അമൂല്യ നിമിഷങ്ങളാണ്. മനോഹര മുഹൂർത്തങ്ങളാണ്. അയാൾ ഒരേ സമയം മനുഷ്യനും കഥാപാത്രവുമായിരിക്കും. അനാവശ്യ ഉപദേശങ്ങളില്ല, അനുഭവങ്ങളുടെ വീമ്പിളക്കമില്ല. ഇങ്ങിനെ പോയാൽ അങ്ങിനെയെത്തും എന്ന കൃത്രിമമായ മാർഗനിർദേശങ്ങളില്ല. ഞങ്ങളുടെ കാലമായിരുന്നു കാലം എന്ന പൊങ്ങച്ചമില്ല. പകരം, എന്നെക്കാൾ വലിയവർ നിങ്ങളാണെന്ന് നമ്മെ ബോധ്യപ്പെടുത്താൻ ശ്രമിച്ച് നമ്മളിൽ വലിയ ആത്മവിശ്വാസം സൃഷ്ടിക്കും. പിന്നെ നമ്മുടെ മുന്നോട്ടുള്ള ചലനവും വേഗതയും താളവും ആദ്യം സന്തോഷത്തോടെ ആസ്വദിക്കുന്ന മനുഷ്യനായി അയാൾ മാറും. നമ്മളിൽ നിന്ന് അകന്ന് പോയതിനുശേഷം മാത്രം നമ്മൾ അറിയും. നമ്മെ ഒരു പാട് വലിയ പാഠങ്ങൾ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാതെ പിരിഞ്ഞുപോയ ഗുരുവായിരുന്നു അയാൾ. മോഹൻലാൽ സാർ…പ്രിയപ്പെട്ട ലാലേട്ടൻ”.
ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബൻ ജനുവരി 25-നാണ് തിയേറ്ററുകളിലെത്തുന്നത്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. പി.എസ് റഫീക്കിന്റേതാണ് തിരക്കഥ.