തിയേറ്ററുകളിൽ അലയടിക്കുകയാണ് മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന നേര്. റിലീസ് ചെയ്ത് 25 ദിവസങ്ങൾ കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിലെത്തി. നിർമ്മാണ കമ്പനിയായ ആശിർവാദ് സിനിമാസ് ആണ് ഇക്കാര്യം അറിയിച്ചത്. ‘മലയാളികളുടെ ആശീർവാദത്തോടെ ഈ കൂട്ടുകെട്ട് 100 കോടിയിൽ’ എന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്.
സ്നേഹത്തിന് നന്ദി. നേര് 100 കോടി ക്ലബ്ബിലെത്തിയിരിക്കുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കും സിനിമാ പ്രവർത്തകർക്കും അണിയറ പ്രവർത്തകർക്കും നന്ദി എന്നാണ് ആശിർവാദ് സിനിമാസ് കുറിച്ചത്. ഇതോടെ 2023-ൽ റിലീസ് ചെയ്ത് 100 കോടി ക്ലബ്ബിലെത്തിയ സിനിമകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് നേര്.
രാജ്യത്ത് 500 തിയേറ്ററുകളിലും ഇന്ത്യക്ക് പുറത്ത് 400 തിയേറ്ററുകളിലുമാണ് നേര് പ്രദർശിപ്പിച്ചത്. ആദ്യദിനം മുതൽ മികച്ച കളക്ഷനാണ് നേര് നേടിയത്. അനശ്വര രാജൻ, ജഗദീഷ്, സിദ്ദിഖ്, പ്രിയാമണി തുടങ്ങി ഒട്ടനവധി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു.
ഇതര ഭാഷകളിലും നേര് റീമേക്ക് ചെയ്യുമെന്നാണ് വിവരം. ആന്റണി പെരുമ്പാവൂരും മകൻ ആഷിഷ് ജോ ആന്റണിയും ചേർന്നാകും റീമേക്ക് ചെയ്യുക. തമിഴിലും കന്നഡയിലും അവിടുത്തെ പ്രമുഖ നിർമാതാക്കളുമായി ചേർന്നാകും നിർമ്മാണം.