അങ്കാറ : തുർക്കിയിലെ ‘എർസിങ്കാൻ’ നഗരത്തിൽ 99 അഫ്ഗാൻ അഭയാർത്ഥികളെ തടഞ്ഞുവച്ചതായി അഫ്ഗാൻ വാർത്താ ഏജൻസി ആയ ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച, എർസിങ്കാൻ-ടെർകാൻ ഹൈവേയിൽ തിരച്ചിൽ നടത്തുന്നതിനിടെ ഒരു ട്രക്ക് നിറയെ അഭയാർത്ഥികളെ കസ്റ്റഡിയിലെടുത്തതായി തുർക്കി മാധ്യമങ്ങൾ അറിയിച്ചിട്ടുണ്ട് . റെയ്ഡിനിടെ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്ന് കുടിയേറ്റക്കാരെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്ഉണ്ട് .
രാജ്യത്തേക്കുള്ള അനധികൃത പ്രവേശനവും കുടിയേറ്റവും തടയാനുള്ള രാജ്യവ്യാപക ശ്രമങ്ങൾ തുടരുമെന്നു തുർക്കി പ്രഖ്യാപിച്ചിരുന്നു. മുമ്പ് അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുമ്പോൾ 24 അഫ്ഗാൻ അഭയാർത്ഥികളെ പിടികൂടി തടവിലാക്കിയതായി തുർക്കി ഭരണകൂടം വെളിപ്പെടുത്തിയിരുന്നു.
സർക്കാർ കണക്കുകൾ പ്രകാരം ഏതാണ്ട് 300,000 അഫ്ഗാൻ കുടിയേറ്റക്കാർ തുർക്കിയിൽ താമസിക്കുന്നുണ്ട്. എന്നാൽ തുർക്കിയിലെ അഫ്ഗാൻ അഭയാർഥികൾ തുർക്കി സർക്കാരിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് വീണ്ടും വീണ്ടും പരാതിപ്പെടുകയാണ്. ഇക്കാരണത്താൽ പലരും യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകാൻ ശ്രമിക്കുകയാണ്.