മധുരപ്രിയർക്ക് ഒഴിച്ചു കൂടാനാവാത്ത ഭക്ഷ്യവസ്തുക്കളിൽ ഒന്നാണ് ചോക്ലേറ്റ്. എന്നാൽ വിപണിയിൽ അധികവും മായം ചേർത്ത് വരുന്ന ചോക്ലേറ്റുളാണുള്ളത്. പാലും, പഞ്ചസാരയും മറ്റു കെമിക്കലുകളും അടങ്ങിയ ചോക്ലേറ്റുകൾ കഴിക്കുന്നത് പ്രമേഹം പോലുള്ള രോഗങ്ങൾ എളുപ്പത്തിൽ പിടിപെടാനും കാരണമാകുന്നു. മിൽക്ക് ചോക്ലേറ്റുകൾ കഴിക്കുന്നത് ഒഴിവാക്കി മധുരപ്രേമികൾക്ക് തിരഞ്ഞെടുക്കാവുന്ന ചോക്ലേറ്റുകളാണ് ഡാർക്ക് ചോക്ലേറ്റുകൾ. മിൽക്ക് ചോക്ലേറ്റുകളെക്കാൾ കുറഞ്ഞ അളവിലാണ് ഇതിൽ പഞ്ചസാര ഉപയോഗിക്കുന്നത്. ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ അറിയാം..
ധാരാളം ആന്റി- ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ള ചോക്ലേറ്റുകളാണ് ഡാർക്ക് ചോക്ലേറ്റുകൾ. മിതമായ അളവിൽ നല്ല ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുന്നത് രക്ത സമ്മർദ്ദം കുറയ്‌ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഹൃദ്രോഗ സാധ്യതകൾ കുറയ്‌ക്കാനും ഡാർക്ക് ചോക്ലേറ്റുകൾ കുറഞ്ഞ അളവിൽ കഴിക്കുന്നത് നല്ലതാണ്.
ആർത്തവ നാളുകളിൽ സ്ത്രീകൾ അനുഭവിക്കുന്ന വലിയൊരു പ്രശ്‌നമാണ് വയറുവേദന. ഈ സമയങ്ങളിൽ ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുകയാണെങ്കിൽ വേദന കുറയ്‌ക്കാനും മൂഡ് സ്വിംഗ്‌സ് വരുമ്പോഴുണ്ടാകുന്ന ദേഷ്യം, സമ്മർദ്ദം, വിഷമം എന്നിവ കുറയ്‌ക്കാനും സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഫ്‌ളാവനോയിഡ് എന്ന ഘടകം ഓർമ്മ മെച്ചപ്പെടുത്താൻ ഗുണം ചെയ്യുന്നു. മിൽക്ക് ചോക്ലേറ്റുകൾ കഴിക്കുമ്പോൾ അമിത വണ്ണം വയ്‌ക്കുന്നതിന് കാരണമാകും. എന്നാൽ ഡാർക്ക് ചോക്ലേറ്റുകൽ അമിത ഭാരത്തെ നിയന്ത്രിച്ച് നിർത്താനും ശരീരത്തിന് ആവശ്യമായ ഘടകങ്ങൾ പ്രദാനം ചെയ്ത് ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കുന്നു. അതിനാൽ ഇനി ചോക്ലേറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ വില അൽപം കൂടിയാലും ഡാർക്ക് ചോക്ലേറ്റുകൾ തിരഞ്ഞെടുക്കാം.