ആലപ്പുഴ: കൃഷി നടത്തനായി വായ്പ ലഭിക്കാത്തതിനെ തുടർന്ന് ജീവനൊടുക്കിയ നെൽ കർഷകൻ പി. പ്രസാദിന്റെ കുടുംബത്തിന്റെ പേരിലുള്ള കടങ്ങൾ മുഴുവൻ വീട്ടി സുരേഷ് ഗോപി. മൂന്ന് വർഷമായി പണയപ്പെടുത്തിയിരുന്ന ആധാരം ഇതോടെ കുടുംബത്തിന് തിരികെ ലഭിച്ചു. സുരേഷ് ഗോപിയുടെ നിർദ്ദേശത്തെ തുടർന്ന് കുടുംബത്തിന്റെ വായ്പ തുക എഴുതി തള്ളിയതായി സർക്കാർ അറിയിച്ചു.
കുടുംബത്തിന്റെ മുഴുവൻ കടബാധ്യതയും തീർക്കാനുള്ള തുക ഓമനയുടെ അക്കൗണ്ടിലേക്ക് സുരേഷ് ഗോപി കൈമാറി. ഇതോടെ കടം തീർത്ത് ആധാരം തിരികെ എടുക്കാനായി ഓമനയും മക്കളായ അദീനയും അദിനഖും ആലപ്പുഴയിലെ ഓഫീസിലെത്തിയെങ്കിലും ഉദ്യോഗസ്ഥർ പണം സ്വീകരിക്കാൻ തയ്യാറായില്ല. ജപ്തി നോട്ടീസ് വിവാദമായതോടെ വായ്പയിൽ ഇളവുകൾ നൽകി തീർപ്പാക്കാൻ എസ്സിഎസ്ടി കോർപ്പറേഷന് മന്ത്രി കെ. രാധാകൃഷണൻ നിർദ്ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ വായ്പാത്തിരിച്ചടവ് മരവിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥർ ഓമനയുടെ ആധാരം തിരികെ നൽകിയില്ല.
പിന്നാലെ ഭാരതീയ കിസാൻ സംഘും ബിജെപി നേതാക്കളും മണിക്കൂറുകളോളം ഓഫീസ് ഉപരോധിച്ചു. സമരം തുടർന്നതോടെ വീണ്ടും മന്ത്രിയുമായി സുരേഷ് ഗോപി ചർച്ച നടത്തി. തുടർന്ന് മുഴുവൻ തുകയും സർക്കാർ എഴുതിത്തള്ളുമെന്ന് സുരേഷ് ഗോപിക്ക് മന്ത്രി ഉറപ്പ് നൽകി. ഇതോടെയാണ് പ്രതിഷേധക്കാർ സമരം അവസാനിപ്പിച്ചത്..
2021 ഏപ്രിൽ മാസത്തിൽ സ്വയം തൊഴിലിനായി പട്ടികജാതി- പട്ടികവർഗ വികസന കോർപ്പറേഷനിൽ പണയപ്പെടുത്തിയ ആധാരമാണ് പ്രസാദിന്റെ ഭാര്യ ഓമനയ്‌ക്ക് തിരികെ ലഭിച്ചത്. മൂന്ന് വർഷം മുൻപ് 60,000 രൂപയാണ് വായ്പയെടുത്തത്. 15,000 രൂപയിലധികം തിരികെ അടച്ചിരുന്നെങ്കിലും കഴിഞ്ഞ 11 മാസമായി തിരിച്ചടവ് മുടങ്ങിയിരുന്നു. ബാക്കി തുക കുടിശികയാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച ഓമനയ്‌ക്ക് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.
17,600 രൂപ അടയ്‌ക്കണമെന്നും അല്ലാത്തപക്ഷം അഞ്ച് സെന്റ് വീടും പുരയിരടവും ജപ്തി ചെയ്യുമെന്നായിരുന്നു നോട്ടീസ്. പേര് വെളിപ്പെടുത്തനാകാത്ത മുംബൈ മലയാളിയുടെ കനിവിൽ ഈ തുക പ്രസാദിന്റെ കുടുംബത്തിന് നൽകിയിരുന്നു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനം എന്ന് പറഞ്ഞാണ് അദ്ദേഹം തുക കൈമാറിയത്.