തിരുവനന്തപുരം: ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിർവഹിച്ചത് അരണ്ട വെളിച്ചത്തിൽ. മുഖ്യമന്ത്രിയെ പേടിച്ചാണ് പോലീസ് വെളിച്ചം കെടുത്തിയത്. മുൻപിൽ നിന്ന് വേദിയിലേക്ക് ക്രമീകരിച്ചിരുന്ന ലൈറ്റുകളൊന്നും തെളിക്കാൻ പോലീസ് അനുവദിച്ചിരുന്നില്ല, പകരം വേദിക്ക് പിന്നിൽ നിന്ന് മുൻപിലേക്ക് ക്രമീകരിച്ചിരുന്ന വെളിച്ചം കുറഞ്ഞ ലൈറ്റുകൾ മാത്രമായിരുന്നു ഉദ്ഘാടനത്തിന് ഉപയോഗിച്ചത്. ലൈറ്റ് തെളിക്കുന്നത് സംബന്ധിച്ച് പോലീസ് മുൻകൂട്ടി വിലയിരുത്തലുകൾ നടത്തിയിരുന്നു.
നേരത്തെ നവകേരള സദസിന്റെ വേദിയിൽ വെളിച്ചം മുഖത്തടിച്ചതിന് പിന്നാലെ മുഖ്യമന്ത്രി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇതിനെ രൂക്ഷമായി മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസിന്റെ മുൻകരുതൽ നടപടി. എഴുതിയ തയ്യാറാക്കിയ പ്രസംഗം വായിക്കാനായി പോഡിയത്തിൽ പ്രത്യേക ലൈറ്റ് സജ്ജമാക്കിയിരുന്നു. ലൈറ്റിന് പുറമേ മൈക്കിനും മുൻകൂട്ടിയുള്ള പരിശോധന നടത്തിയിരുന്നു.
ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനിടെ മൈക്ക് മൂളിയെന്ന് പറഞ്ഞ് രോഷാകുലനായതും കേസെടുത്തതും മൈക്ക് സെറ്റ് കസ്റ്റഡിയിലെടുത്തതും വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളിൽ കർശന പരിശോധനകളാണ് അരങ്ങേറുന്നത്.