ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ഹനുമാൻ സേതു ക്ഷേത്രത്തിൽ സംഘടിപ്പിച്ച സ്വച്ഛത അഭിയാൻ ക്യാമ്പെയ്നിൽ പങ്കെടുത്ത് പ്രതിരോധ രാജ്നാഥ് സിംഗ്. ക്ഷേത്രത്തിന്റെ നിലം വൃത്തിയാക്കികൊണ്ടാണ് അദ്ദേഹം ശുചീകരണ യജ്ഞത്തിന് തുടക്കമിട്ടത്.
കരസേനാ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികളിൽ പങ്കെടുക്കാനാണ് രാജ്നാഥ് സിംഗ് ലക്നൗവിലെത്തിയത്. രാവിലെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം ചൂലെടുത്ത് തറ വൃത്തിയാക്കി. തുടർന്ന് ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിലും രാജ്നാഥ് സിംഗ് പങ്കെടുത്തു.
പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി ജനുവരി 14 മുതൽ രാജ്യത്തെ എല്ലാ പൗരന്മാരും ശുചിത്വ ക്യാമ്പെയ്നിൽ പങ്കെടുത്ത് രാജ്യത്തുടനീളമുള്ള എല്ലാ ആരാധനാലയങ്ങളും ശുചീകരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിനോടകം തന്നെ രാജ്യം മുഴുവൻ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കഴിഞ്ഞു.
കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിൽ മുസ്ലീം, സിഖ്, ക്രിസ്ത്യൻ, ജൈന സമുദായങ്ങളിലെ ആളുകൾ ഹരിയാനയിലെ മാനസാദേവി ക്ഷേത്രം വൃത്തിയാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം ജനങ്ങൾക്ക് മാത്രമുള്ളതല്ലെന്നും ‘സബ്കാ സാത്ത്, സബ്കാ വികാസ്’എന്നതാണ് അദ്ദേഹത്തിന്റെ ദർശനമെന്നും യുവാക്കൾ പ്രതികരിച്ചു.