പ്രശസ്ത ശിൽപിയും മൈസൂരു സ്വദേശിയുമായ അരുൺ യോഗിരാജിന്റെ കരവിരുതലൊരുങ്ങിയ രാംലല്ലയുടെ വിഗ്രഹമാകും രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയെന്ന് വ്യക്തമാക്കി രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. 150-നും 200-നും ഇടയിൽ ഭാരം വരുന്ന കല്ലിൽ കൊത്തിയെടുത്ത ശിൽപമാകും ശ്രീകോവിലിൽ പ്രതിഷ്ഠിക്കുക.
അഞ്ച് വയസുകാരനായ രാംലല്ലയെയാണ് അരുൺ യോഗിരാജ് കൊത്തിയെടുത്തത്. 18-ന് വിഗ്രഹം ഗർഭഗൃഹത്തിലെത്തിച്ച് പൂജാവിധികൾ ആരംഭിക്കും. നേരത്തെ അരുൺ യോഗിരാജ് നിർമ്മിച്ച് വിഗ്രഹമാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി എക്സ് വഴി അറിയിച്ചിരുന്നുവെങ്കിലും ക്ഷേത്ര ട്രസ്റ്റിന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരണം ലഭിച്ചിരുന്നില്ല. പ്രാണ പ്രതിഷ്ഠയ്‌ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് ട്രസ്റ്റ് സുപ്രധാന വിവരം പങ്കുവെച്ചിരിക്കുന്നത്.
പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായുള്ള ചടങ്ങുകൾ ഇന്ന് ആരംഭിച്ചു. 120 സന്ന്യാസിമാരാണ് യജ്ഞങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. ഇന്ന് സരയൂ നദിക്കരയിൽ ദശവിധ് സ്നാനം, വിഷ്ണു ആരാധന എന്നിവ ഇന്ന് നടക്കും. നാളെ രാംലല്ലയുടെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര അയോദ്ധ്യയിലെത്തും. സരയൂ നദിയിലെ ജലം വഹിച്ചുകൊണ്ടുള്ള കലശവും ക്ഷേത്രത്തിലെത്തും.
18-ന് ഗണേശ അംബിക പൂജ, വരുൺ പൂജ, മാതൃകാ പൂജ, ബ്രാഹ്മണ വരൻ, വാസ്തു പൂജ എന്നിവയോടെ ഔപചാരിക ചടങ്ങുകൾ ആരംഭിക്കും. 19-ന് ആഴി പൂജയ്‌ക്ക് ശേഷം നവ വിഗ്രഹം സ്ഥാപിക്കും. പിറ്റേന്ന് ശ്രീകോവിൽ സരയൂജലം ഉപയോഗിച്ച് കഴുകി അന്നാധിവാസ ചടങ്ങുകളും നടത്തും. 21-ന് രാംലല്ല വിഗ്രഹം 125 കലശങ്ങളിൽ കുളിപ്പിക്കും. തുടർന്ന് 22-ന് ഉച്ചയ്‌ക്ക് 12:30-നാകും പ്രാണ പ്രതിഷ്ഠ നടത്തുക. 150 രാജ്യങ്ങളിൽ നിന്നുള്ളവർ ചടങ്ങിൽ പങ്കെടുക്കും. 23 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് നൽകും.