തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയാണ് ഹനുമാൻ. ജനുവരി 12-ന് പുറത്തിറങ്ങിയ സിനിമക്ക് വൻ തോതിൽ പ്രേക്ഷകപ്രീതി നേടാൻ കഴിഞ്ഞു. ചിത്രത്തിന്റെ വിജയാഘോഷം രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ മുംബൈയിൽ നടന്ന ഹനുമാൻ സിനിമയുടെ വിജയാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ നടൻ റാണ ദഗ്ഗുബതിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ഏവരുടെയും ഹൃദയം കീഴടക്കിയിരിക്കുന്നത്.
ഹനുമാൻ സിനിമയുടെ പോസ്റ്ററിനു മുന്നിലുള്ള റാണയുടെ ചിത്രങ്ങളാണ് നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായത്. താരം താൻ അണിഞ്ഞിരുന്ന ചെരുപ്പുകൾ ഒരു ഭാഗത്ത് ഊരി വച്ചാണ് പോസ്റ്ററിനു മുന്നിൽ ഫോട്ടോകൾ എടുക്കാനായി പോസ് ചെയ്തത്. ഇന്ത്യൻ സംസ്‌കാരം ഉയർത്തിക്കാണിക്കുന്ന നടന്റെ പ്രവർത്തി പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. എക്‌സ് ഉപയോക്താവായ മിസ്റ്റർ സിൻഹയാണ് നടന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്.
” ഞാൻ തെലുങ്ക് സിനിമാ ലോകത്തെ സ്‌നേഹിക്കുന്നതിന് ഇതാണ് കാരണം. അവരിൽ ഭൂരിഭാഗം വ്യക്തികളും ഹിന്ദു സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബജ്‌റംഗ്ബലിയുടെ മുന്നിൽ നിന്ന് പോസ് ചെയ്യുന്നതിനു മുന്നോടിയായി റാണ ദഗ്ഗുബതി തന്റെ ചെരുപ്പുകൾ അഴിച്ചു വയ്‌ക്കുന്നത് ശ്രദ്ധിക്കുക. ഇത്തരം ചെറിയ കാര്യങ്ങൾ പോലും നാം ശ്രദ്ധിക്കേണ്ടതുണ്ട്.”- മിസ്റ്റർ സിൻഹ കുറിച്ചു.
View this post on Instagram
റിലീസ് ദിനത്തിൽ തന്നെ 11 കോടി രൂപയിലധികം ചിത്രത്തിന് നേടാൻ സാധിച്ചിരുന്നു. തേജ സജ്ജയ്‌ക്ക് പുറമെ അമൃത അയ്യർ, വരലക്ഷ്മി ശരത്കുമാർ, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ഭഗവാൻ ഹനുമാന്റെ ശക്തി ലഭിച്ച് സാങ്കൽപ്പിക ലോകമായ അഞ്ജനാദരിയെ രക്ഷിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.