എറണാകുളം: നാല് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ കുസാറ്റ് ദുരന്തത്തിൽ പോലീസിന്റെ വിശദീകരണ റിപ്പോർട്ട് പുറത്ത്. ആയിരം പേരെ മാത്രം ഉൾക്കൊള്ളാനാകുന്ന ഓഡിറ്റോറിയത്തിലേക്ക് 4000 പേരെ കയറ്റിയതാണ് അപകടത്തിന് കാരമായതെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ കോളേജ് ക്യാംപസിന് പുറത്ത് നിന്നും ആളുകളെത്തിയത് ദുരന്തത്തിന്റെ ആക്കം കൂട്ടി.
പരിപാടി സംഘടിപ്പിക്കുന്നതിൽ കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായതും ഗുരുതര വീഴചയെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഘാടനത്തിലെ പിഴവും, ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ പരിചയക്കുറവുമാണ് അപകടത്തിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓഡിറ്റോറിയത്തിന്റെ ഉള്ളിലേക്കുള്ള പടികളുടെ നിർമ്മാണത്തിലുണ്ടായ അപാകതയും അപകടത്തിന് കാരണമായി. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ജീവനക്കാരെ ഏർപ്പെടുത്തിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നവംബർ 25-നാണ് കുസാറ്റിൽ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ടെക് ഫെസ്റ്റിനിടെ നാല് വിദ്യാർത്ഥികളാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. രണ്ട് ദിവസമായി നടന്നുവന്നിരുന്ന ടെക് ഫെസ്റ്റിന്റെ സമാപന ദിവസമാണ് ദാരുണ സംഭവമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് ശ്വാസം കിട്ടാതെയാണ് വിദ്യാർത്ഥികൾ മരണപ്പെട്ടത്.















