തൃശൂർ: മോഹൻലാലിന് അക്ഷതം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂർ ക്ഷേത്രത്തിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയപ്പോഴാണ് അക്ഷതം കൈമാറിയത്. തൊഴുകയ്യോടെ പ്രധാനമന്ത്രിയിൽ നിന്നും മോഹൻലാൽ അക്ഷതം ഏറ്റുവാങ്ങി. മോഹൻലാലിനൊപ്പം മറ്റ് താരങ്ങൾക്കും ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം നടന്ന 10 വധുവരന്മാർക്കും പ്രധാനമന്ത്രി അക്ഷതം നൽകി.

മമ്മൂട്ടി,മോഹൻലാൽ,ജയറാം, ഷാജി കൈലാസ് തുടങ്ങിയവർ കുടുംബ സമേതമാണ് പ്രധാനമന്ത്രിയെ കാണാനും വിവാഹത്തിൽ പങ്കെടുക്കാനുമെത്തിയത്. ഖുശ്ബു,ദിലീപ്,രചന നാരായണൻകുട്ടി തുടങ്ങിയ സിനിമാ താരങ്ങളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഓറഞ്ച് നിറത്തിലുള്ള സാരിയണിഞ്ഞ് അതി സുന്ദരിയായാണ് സുരേഷ് ഗോപിയുടെ കൈപിടിച്ച് ഭാഗ്യ വേദിയിലെത്തിയത്. പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ശ്രേയസ് ഭാഗ്യയുടെ കഴുത്തിൽ മിന്നു ചാർത്തി.
ഗുരുവായൂർ ക്ഷേത്രത്തിലും തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയതിന് ശേഷം പ്രധാനമന്ത്രി തിരികെ കൊച്ചിയിലെത്തി. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ മീനൂട്ട് വഴിപാട് നടത്തിയ പ്രധാനസേവകൻ, വേദപഠനം നടത്തുന്നവരുടെ വേദാർച്ചനയിലും പങ്കെടുത്തിരുന്നു. അയോദ്ധ്യയിൽ പ്രാണ പ്രതിഷ്ഠ നടത്തുന്നതിന്റെ ഭാഗമായാണ് പ്രധാനസേവകൻ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
















