തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയെ വെട്ടിലാക്കി ബെംഗളൂരു രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ നിർണ്ണായക റിപ്പോർട്ട്. സിഎംആർഎല്ലുമായി ബന്ധപ്പെട്ട ഇടപാട് തെളിയിക്കുന്നതിനായി ആർഒസി ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാൻ എക്‌സാലോജിക്കിന് കഴിഞ്ഞിട്ടില്ല. ജിഎസ്ടി അടച്ച തുകയുടെ രേഖമാത്രമാണ് എക്‌സാലോജിക് കൈമാറിയത്. പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന വകുപ്പുകൾ പ്രകാരം എക്‌സാലോജിക്കിന് എതിരെ നടപടി എടുക്കാമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.
ദുരൂഹ ഇടപാടുകളാണ് എക്‌സാലോജിക്കിൽ നടന്നത്. ഇരു കമ്പനികളും തമ്മിലുള്ള കരാർ രേഖപ്പോലും ഹാജരാക്കാൻ എക്‌സാലോജിക്കിന് കഴിഞ്ഞിട്ടില്ല. കമ്പനീസ് ആക്ട് 2013ന്റെ വകുപ്പ് 447, 488 പ്രകാരം എക്‌സാലോജിക്കിനെതിരെ നടപടി എടുക്കാമെന്നാണ് ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ടിലുള്ളത്. ദുരൂഹ ഇടപാടുകളിലെ ചുരുളഴിയുന്നതിന് ഇരുകമ്പനികളുടെയും അക്കൗണ്ടുകൾ പരിശോധിക്കണം. സർക്കാർ ഓഹരിയുള്ള കമ്പനിയാണ് സിഎംആർഎൽ. റിലേറ്റഡ് പാർട്ടിയുമായി ഇടപാടു നടത്തുമ്പോൾ അത് ബോർഡിനെ അറിയിക്കണം. എന്നാൽ എക്‌സാലോജിക്കുമായുള്ള കരാറിനെ പറ്റി കരിമണൽ കമ്പനിയായ സിഎംആർഎൽ ബോർഡിനെ അറിയിച്ചിരുന്നില്ല. കമ്പനീസ് ആക്ടിന്റെ സെക്ഷൻ 188-ന്റെ ലംഘനമാണിത്.
ആർഒസിയുടെ പ്രാഥമികാന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനാലാണ് കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം വിശദ അന്വേഷണത്തിന് ഉത്തരവിട്ടത്.
ആദായനികുതി ഇൻറ്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിലെ റിപ്പോർട്ട് ശരിയെന്ന് വയ്‌ക്കുന്നതാണ് ആർഒസി റിപ്പോർട്ടും. ഇതോടെ വീണയെ സംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും പ്രതിരോധം പൊളിയുകയായിരുന്നു















