ഇസ്ലാമബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി, ഐഎംഫിൽ നിന്ന് 700 മില്യൺ ഡോളർ കടമെടുത്ത് പാകിസ്താൻ. ബെയിൽഔട്ട് പ്രോഗ്രാമിന്റെ ഭാഗമായി 700 മില്യൺ ഡോളർ വായ്പ ലഭിച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ ഗവർണർ ജമീൽ അഹമ്മദിനെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. പാപ്പരായ രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന ഐഎംഎഫ് പദ്ധതിയാണ് ബെയിൽ ഔട്ട് പ്രോഗ്രാം.
2023-24 സാമ്പത്തിക വർഷം നവംബറിലെത്തിയപ്പോഴേക്കും പാകിസ്താന്റെ മൊത്തം കടബാധ്യത 63,399 ട്രില്യൺ രൂപയായി വർദ്ധിച്ചുവെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പുറമെയാണ് പുതിയ വായ്പ. ഐഎംഎഫ് എക്സിക്യൂട്ടീവ് കഴിഞ്ഞ ആഴ്ച നടത്തിയ അവലോകനത്തിന് ശേഷമാണ് വായ്പയ്‌ക്ക് അംഗീകാരം ലഭിച്ചത്.
ഐഎംഎഫ് മുന്നോട്ട് വച്ച കർശന വ്യവസ്ഥകൾ പൂർത്തിയാക്കിയതിന് ശേഷമാണ് പണം അനുവദിച്ചത്. പലിശ നിരക്ക് വർദ്ധന, വൈദ്യുതി-ഗ്യാസ് വിലയിലെ വർദ്ധന തുടങ്ങി നിരവധി കർശന നിബന്ധനകളാണ് ഐഎംഎഫ് മുന്നേട്ട് വെച്ചത്.















