ഇടുക്കി: നവകേരള സദസിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സമരവുമായി 78-കാരി. കൈവശമുള്ള 10 സെന്റ് ഭൂമിക്ക് പട്ടയം നൽകണമെന്നും അയൽവാസിയുടെ കയ്യേറ്റം ഒഴിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇടുക്കി ആലന്തോട് കലയന്താനി കുറിച്ചിപ്പാടം ആലയ്‌ക്കൽ അമ്മിണി പരാതി നൽകിയത്. ഇതിൽ നടപടിയിലെന്ന് തിരിച്ചറിഞ്ഞതോടെയാണ് തൊടുപുഴ തഹസിൽദാരുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
കഴിഞ്ഞ 25 വർഷമായി വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ് അമ്മിണി. ഇവരുടെ ഭൂമിക്ക് പട്ടയം നൽകാമെന്ന് വില്ലേജ് ഓഫീസിൽ നിന്നും റിപ്പോർട്ട് നൽകിയെങ്കിലും അപേക്ഷ താലൂക്ക് ഓഫീസിൽ കെട്ടി കിടക്കുകയാണ്. സഹിക്കെട്ടാണ് നവകേരള സദസിൽ പരാതിപ്പെട്ടതെന്ന് അമ്മിണി പറയുന്നു. യാതൊരുവിധ നടപടിയും ഉണ്ടാവുന്നില്ലെന്ന് കണ്ടതോടെയാണ് കുത്തിരിയിപ്പ് സമരമുറ.
ഒടുവിൽ റവന്യൂസംഘം സ്ഥലം അളന്ന് തിരിച്ച് പട്ടയ നടപടികൾ ആരംഭിച്ചു. കൈവശ ഭൂമി കൈമാറിയിട്ടുണ്ടോയെന്ന് കണ്ടെത്തനായി ഈ സ്ഥലം ഉൾപ്പെടുന്ന സർവേ നമ്പരിലെ പട്ടയങ്ങളും കൈവശ രേഖകളും പരിശോധിച്ച് നിജസ്ഥിതി റിപ്പോർട്ട് നൽകാൻ ആലക്കോട് വില്ലേജ് ഓഫീസറോട് തഹസിൽദാർ നിർദ്ദേശം നൽകി. ഭൂമി അളന്നശേഷം തഹസിൽദാർ താലൂക്ക് ഓഫീസിൽ മടങ്ങിയെത്തിതോടെയാണ് ഇവർ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങിയത്.















