ന്യൂഡിൽസിനോട് ചങ്ങാത്തം കൂടാത്തവരായി ആരാണുള്ളതല്ലേ. എളുപ്പത്തിൽ സ്വാദിഷ്ടമായ രീതിയിൽ തയ്യാറാക്കമെന്നത് കൊണ്ട് തന്നെ ന്യൂഡിൽസിനോട് എന്നും പ്രിയമേറെയാണ്. ഇൻസ്റ്റന്റ് പായ്ക്കറ്റുകൾ വാങ്ങി അഞ്ചോ പത്തോ മിനിറ്റുള്ളിൽ തയ്യാറാക്കി കഴിക്കാം. വാസ്തവത്തിൽ ഇത്തരത്തിൽല ന്യൂഡിൽസ് കഴിക്കുന്നത് ശരീരത്തിന് നല്ലതാണോ? ചിന്തിച്ചിട്ടുണ്ടോ?
പതിവായി ന്യൂഡിൽസ് കഴിക്കുന്നവർ അപകടത്തെ വിളിച്ച് വരുത്തുകയാണ്. 100 ഗ്രാം ന്യൂഡിൽസിൽ 424 മുതൽ 462 വരെ കലോറിയാണ് അടങ്ങിയിട്ടുള്ളത്. വിറ്റാമിനുകളോ ധാതുക്കളോ ഇതിൽ വലിയ തോതിൽ അടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ സ്ഥിരമായി ന്യൂഡിൽസ് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുന്നു. ന്യൂഡിൽസ് സ്ഥിരമായി കഴിക്കുന്നതിന്റെ ചില പാർശ്വഫലങ്ങൾ ഇതാ..
1) ന്യൂഡിൽസിൽ അമിത അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് അവശ്യമായ പോഷകമാണെങ്കിലും സോഡിയം അമിതമായാൽ രക്തസമ്മർദ്ദം, ശരീരത്തിൽ വെള്ളം കെട്ടൽ, വൃക്ക രോഗം എന്നിവയ്ക്ക് കാരണമാകും. രുചി വർദ്ധിപ്പിക്കുന്നതിനായി പല ന്യൂഡിൽസുകളിലും അമിത അളവിൽ സോഡിയം ചേർക്കുന്നു.
2) തീരെ കുറഞ്ഞ പോഷകാഹാര മൂല്യമാണ് ന്യൂഡിൽസിലുള്ളത്. ഫൈബർ, പ്രോട്ടീൻ. ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയ പോഷകങ്ങൾ അല്ലാത്ത, സംസ്കരിച്ച മാവിൽ നിന്നാണ് ന്യൂഡിൽസ് നിർമ്മിക്കുന്നത്. അതിനാൽ ഇവ പതിവാക്കുന്നത് പോഷക കുറവിന് കാരണമാകും. കുറഞ്ഞ സമയത്തേക്ക് വിശപ്പിന് ശമനം ആകുമെങ്കിലും മികച്ച ഊർജ്ജ സ്രോതസല്ല.
3) കാർബോ ഹൈഡ്രേറ്റിന്റെ കേന്ദ്രമാണ് ന്യൂഡിൽസ്. പതിവായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാനും അമിത വണ്ണത്തിനും കാരണമാകുന്നു. ആഴ്ചയിൽ രണ്ട് പ്രാവശ്യത്തിൽ കൂടുതൽ ന്യൂഡിൽസ് കഴിക്കുന്ന ആളുകളിൽ മെറ്റബോളിക് സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. അമിത വണ്ണം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവയ്ക്ക് കാരണമാകും.
4) ന്യൂഡിൽസ് ശീലമാക്കുന്നത് കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. ബിസ്ഫെനോൾ പോലുള്ള ഹാനികരമായ വസ്തുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ന്യൂഡിൽസ് പതിവാക്കുന്നത് ആമാശയ കാൻസറിന് കാരണമാകും.
5) ദഹനത്തിന് സഹായിക്കുന്ന നാരുകൾ കുറവാണ് ന്യൂഡിൽസിൽ. അതുകൊണ്ട് തന്നെ ന്യൂഡിൽസ് ശീലമാക്കിയാൽ ദഹന പ്രശ്നങ്ങൾക്കും മലബന്ധത്തിനും കാരണമാകും. സോഡിയത്തിന്റെ കൂടുതൽ കാരണം വയറുവേദന, ഗ്യാസ് തുടങ്ങിയവയും ഉണ്ടാകും.
6) സോഡിയത്തിന്റെ അളവ് കൂടുതലായതിനാൽ തന്നെ തലച്ചോറിന്റെ ആരോഗ്യത്തെയും ന്യൂഡിൽസ് ബാധിക്കുന്നു. വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു.