ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ കുതിരപ്പന്തിയ്‌ക്ക് സമീപം കാറുമായി കൂട്ടിയിടിച്ച് ടാങ്കർ ലോറി മറിഞ്ഞു. അപകടത്തിൽ ടാങ്കർ ലോറിയിൽ നിന്നും വാതകം ചോർന്നു. തിരുവനന്തപുരം ഭാഗത്തേക്ക് പെട്രോൾ കയറ്റി പോയ ടാങ്കർ ലോറിയും എറണാകുളം ഭാഗത്തേക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടാങ്കർ ലോറിയ്‌ക്ക് ചോർച്ച ഉണ്ടാവുകയായിരുന്നു.
അഗ്നിശമനസേനയെത്തി ഫോം പമ്പ് ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി. റോഡിലേക്ക് വീണ പെട്രോളിയം ഉത്പന്നങ്ങൾ നീക്കം ചെയ്തു. കൂടാതെ മറ്റൊരു ടാങ്കറിലേക്ക് ഇന്ധനം മാറ്റുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണ്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്രെയിൻ ഉപയോഗിച്ചാണ് അപകടത്തിൽപ്പെട്ട ടാങ്കർ ലോറി ഉയർത്തിയത്. റിക്കവറി വാൻ ഉപയോഗിച്ച് കാർ മാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു.















