ന്യൂഡൽഹി: ജനുവരി 26-ന് ഭാരതം 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയായി ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കും. രാഷ്‌ട്രപതി ദ്രൗപതി മുർമു, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവർ റിപ്പബ്ലിക് ദിനത്തിൻ പങ്കെടുക്കും.
ഭാരതത്തിന്റെ ഭരണഘടന നിർമാണത്തിന്റെ ആഘോഷമായാണ് ജനുവരി 26-നെ കണക്കാക്കുന്നത്. ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനവും ജനുവരി 26 റിപ്പബ്ലിക് ദിനവും തമ്മിലുള്ള വ്യത്യാസം അറിയാം…
അടിസ്ഥാനമായ വ്യത്യാസം…
സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും ഭാരതത്തിന്റെ രണ്ട് പ്രധാന ദേശീയ ആഘോഷങ്ങളാണ്. ഓഗസ്റ്റ് 15 നാണ് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ഈ ദിവസമാണ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വതന്ത്രമായത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ് സ്വാതന്ത്ര്യദിനം. ഈ ദിവസം രാജ്യത്തുടനീളം ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിക്കുകയും ചെയ്യുന്നു.
ജനുവരി 26നാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഈ ദിവസമാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്. റിപ്പബ്ലിക് ദിനം ഇന്ത്യയുടെ ജനാധിപത്യത്തിന്റെ പ്രതീകമാണ്. ആഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ജനുവരി 26 ന് രാഷ്‌ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.
ത്രിവർണ പതാക ഉയർത്തുന്നതും വേദിയും തമ്മിലുള്ള വ്യത്യാസം
ത്രിവർണ പതാക ഉയർത്തുന്ന രീതിയിൽ പോലും രണ്ട് ദിനങ്ങളിലും വ്യത്യാസമുണ്ട്. ഒപ്പം വേദികളുടെ കാര്യത്തിലും. സ്വാതന്ത്ര്യ ദിനത്തിൽ അതായത് ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി ചെങ്കോട്ടയിലാണ് പതാക ഉയർത്തുന്നത്. റിപ്പബ്ലിക് ദിനത്തിൽ രാഷ്‌ട്രപതിയാണ് കർത്തവ്യപഥിലാണ് പതാക ഉയർത്തുന്നത്.
രണ്ട് ദിവസങ്ങളിലും പതാക ഉയർത്തുന്നതിലും വ്യത്യാസമുണ്ട്. സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തുന്നത് കൊളോണിയൽ ആധിപത്യത്തിൽ നിന്ന് മുക്തമായ ഒരു പുതിയ രാഷ്‌ട്രത്തിന്റെ ഉദയത്തെ സൂചിപ്പിക്കുന്നു. താഴെ നിന്ന് ഒരു കയർ വലിക്കുമ്പോൾ പതാക ഉയരുകയാണ്. ഇതിനെ ഫ്‌ളാഗ് ഹോസ്റ്റിംഗ് എന്നാണ് വിളിക്കുന്നത്.
ഭരണഘടനയുടെ സ്മരണയെ അടയാളപ്പെടുത്തുന്ന ദിനമാണ് റിപ്പബ്ലിക് ദിനം. രാഷ്‌ട്രപതി കർത്തവ്യപഥിലാണ് അന്നേ ദിവസം പതാക ഉയർത്തുന്നത്. കൊടിമരത്തിന് മുകളിൽ കെട്ടുകളായി കെട്ടുന്ന പതാക രാഷ്‌ട്രപതി അഴിച്ചു വിടുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയയെ ഫ്‌ളാഗ് അൺഫേളിംഗ് എന്ന് വിളിക്കുന്നു.