ഡൽഹി: അയോദ്ധ്യാ രാമക്ഷേത്രത്തിൽ ജനുവരി 22-ന് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിനോടനുബന്ധിച്ച് വൻ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി ന്യൂനപക്ഷ മോർച്ച. അയോദ്ധ്യയിലേക്ക് വരുന്ന രാമഭക്തരെ ന്യൂനപക്ഷ മോർച്ച സ്വാഗതം ചെയ്യും. അയോദ്ധ്യയിൽ വരുന്ന രാമഭക്തർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്നും സൗജന്യമായി ചായ വിതരണം ചെയ്യുമെന്നും ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദിഖി പറഞ്ഞു.
പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ജനുവരി 20-ന് അയോദ്ധ്യയിലെ ബസിക അറേബ്യ കോളേജ് മദ്രസ ജുമാ മസ്ജിദ് സന്ദർശിക്കുമെന്നും അവിടെ മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും ന്യൂനപക്ഷ മോർച്ച നേതാവ് യാസർ ജിലാനിയും വ്യക്തമാക്കി. അയോദ്ധ്യയിലെ സർക്യൂട്ട് ഹൗസിൽ ഒരു വലിയ യോഗവും ന്യൂനപക്ഷ മോർച്ച സംഘടിപ്പിക്കുന്നുണ്ട്. ജനുവരി 22-ന് നടത്തേണ്ട പരിപാടിയുടെ ക്രമീകരണങ്ങൾ ചർച്ച ചെയ്യുക എന്നതാണ് ഈ യോഗത്തിന്റെ ലക്ഷ്യം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ ജനുവരി 22-ന് ഉച്ചയ്‌ക്ക് 12:30 ന് അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കുന്നത്. ചടങ്ങുകൾക്കായി വിപുലമായ ഒരുക്കങ്ങൾ നടത്തിവരികയാണ്. ചടങ്ങുകൾക്ക് ശേഷം ശ്രീകോവിലിൽ ശ്രീരാമന്റെ വിഗ്രഹം പ്രതിഷ്ഠിക്കും. ചൊവ്വാഴ്ച ആരംഭിച്ച ചടങ്ങുകൾ ഏഴ് ദിവസമാണ് നീണ്ടുനിൽക്കുന്നത്. ജനുവരി 23 മുതൽ ക്ഷേത്രം രാജ്യത്തെ ജനങ്ങൾക്കായി തുറന്നുകൊടുക്കും.















