വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ഹോളിവുഡ് നടിയും ആഫ്രിക്കൻ-അമേരിക്കൻ ഗായികയുമായ മേരി മിൽബെൻ. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തുന്നത് കാണാൻ അമേരിക്കയിലെ ജനങ്ങളും വളരെ അധികം ആഗ്രഹിക്കുന്നുണ്ടെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടു പോകാൻ ശ്രമിക്കുന്ന നേതാവാണ് അദ്ദേഹമെന്നും മേരി മിൽബെൻ പറഞ്ഞു. നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ കൂടുതൽ ശക്തിപ്പെടുമെന്നും മേരി മിൽബെൻ കൂട്ടിച്ചേർത്തു.
” പ്രധാനമന്ത്രി ഇപ്പോൾ വിജയത്തിന്റെ പാതയിലേക്കാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇവിടെ അമേരിക്കയിലും അദ്ദേഹത്തിന് വലിയ ജനപിന്തുണയുണ്ട്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി തിരഞ്ഞെടുക്കപ്പെടുന്നത് കാണാൻ പലരും ആഗ്രഹിക്കുന്നുണ്ട്. കാരണം അദ്ദേഹം ഇന്ത്യയിലെ ഏറ്റവും മികച്ച നേതാവാണ്.
അമേരിക്കയിലും തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. അമേരിക്കയ്‌ക്കും ഇന്ത്യയ്‌ക്കും ലോകത്തിനും വളരെ പ്രധാനപ്പെട്ട സമയമാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഞാൻ വളരെ അധികം പിന്തുണയ്‌ക്കുന്നുണ്ട്. അതിന് കാരണം ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കുമിടയിലെ മികച്ച ബന്ധം നിലനിർത്താൻ അദ്ദേഹം സ്വീകരിച്ച നടപടികളാണ്. ഇന്ത്യയെ വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റാൻ അദ്ദേഹം അസാധാരണമായ കാര്യങ്ങൾ ചെയ്തു. പുരോഗതിയിലേക്കുള്ള പാതയിൽ അദ്ദേഹം നേതൃസ്ഥാനത്ത് സ്ത്രീകളെ എത്തിച്ചു. രാഷ്‌ട്രപതി ദ്രൗപദി മുർമു പ്രസിഡന്റ് സ്ഥാനത്ത് എത്തിയതും, കൂടുതൽ വനിതാ നേതാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നതും എല്ലാം ഇതിന് തെളിവാണ്.
യുവ നേതാക്കളെ വളർത്തിയെടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും പ്രശംസനീയമാണ്. ഇന്ത്യ ഇന്ന് ഏറെ മുന്നിലാണ്. അതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ. ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള യഥാർത്ഥ ശക്തി അദ്ദേഹത്തിന്റെ കൈകളിലാണ്. ശരിയായ നേതാവാണ് അദ്ദേഹം. വരും തലമുറയ്‌ക്ക് മികച്ച മാതൃകയാണ് നരേന്ദ്രമോദി. അത് തന്നെയാണ് മികച്ച സ്ഥാനാർത്ഥിയാക്കി അദ്ദേഹത്തെ മാറ്റുന്നതെന്നും” മേരി മിൽബെൻ പറയുന്നു.















