കൊൽക്കത്ത: ഓൺലൈൻ ഗെയിമിന്റെ പാസ്‌വേർഡ് പങ്കുവച്ചില്ലെന്ന് ആരോപിച്ച് കൗമാരക്കാരനെ ചുട്ടുകൊന്ന് സുഹൃത്തുക്കൾ. പശ്ചിമബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് നടുക്കുന്ന ക്രൂരത സംഭവിച്ചത്. പാപ്പായ് ദാസ് എന്ന 18-കാരനാണ് കൊല്ലപ്പെട്ടത്. കുറ്റകൃത്യത്തിൽ പങ്കാളികളായ നാല് സുഹൃത്തുക്കളെയും പോലീസ് പിടികൂടി. നാല് പേരും പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ ജില്ലാ ജുവനൈൽ ജസറ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസമായി ദാസിനെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദാസിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ വനമേഖലയിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ 15-നാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കുട്ടിയുടെ അമ്മ പൂർണ്ണിമാ ദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിനെ തുടർന്നാണ് പ്രതികളായ കുട്ടികളെ പിടികൂടിയത്.
ഫ്രീഫയർ (Free Fire) എന്ന മൊബൈൽ ഗെയിം കളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കുട്ടികൾ വെളിപ്പെടുത്തി. ദാസിനെ തീകൊളുത്തി കൊന്നതിന് ശേഷം മൃതദേഹം വനത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും കുട്ടികൾ പറഞ്ഞു.















