ന്യൂഡൽഹി : തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറയുന്ന അലിഗഡിൽ എടിഎസ് യൂണിറ്റ് സ്ഥാപിക്കാൻ തീരുമാനം . ഏത് തരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളും തടയാൻ കഴിയുന്ന തരത്തിലുള്ള യുപി എടിഎസ് യൂണിറ്റാണ് ഫെബ്രുവരിയിൽ അലിഗഡിൽ ആരംഭിക്കാൻ പോകുന്നത് .
കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ, ഭീകര സംഘടനയായ ഐഎസുമായി ബന്ധമുള്ള നിരവധി വിദ്യാർത്ഥികളാണ് അലിഗഡ് സർവകലാശാലയിൽ നിന്ന് പിടിയിലായത്. അലിഗഡ് മുസ്ലീം സർവ്വകലാശാലയിൽ തീവ്രവാദ പ്രവർത്തനങ്ങൾ വ്യാപിക്കുന്നതായി കേന്ദ്ര ആഭ്യന്തരവകുപ്പിന് റിപ്പോർട്ടും ലഭിച്ചിരുന്നു .
2008ലാണ് ഉത്തർപ്രദേശിൽ എടിഎസ് രൂപീകരിച്ചത്. അതിന് ശേഷം തീവ്രവാദ പ്രവർത്തനങ്ങൾക്ക് പുറമെ അനധികൃത മതപരിവർത്തനം, റോഹിംഗ്യൻ നുഴഞ്ഞുകയറ്റം തുടങ്ങിയ കേസുകളിലും നടപടിയെടുത്ത് എടിഎസ് ചരിത്രം സൃഷ്ടിച്ചു. നിലവിൽ എടിഎസ് വിപുലീകരിക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ .
അലിഗഡ് ഉൾപ്പെടെ 11 ജില്ലകളിൽ എടിഎസ് യൂണിറ്റുകൾ സ്ഥാപിക്കും . അതിൽ പടിഞ്ഞാറൻ യുപിയിലെ ദിയോബന്ദ് , മീററ്റ്, ഗ്രേറ്റർ നോയിഡ , അസംഗഡ്, കാൺപൂർ, മിർസാപൂർ എന്നിവിടങ്ങളിൽ എടിഎസ് കമാൻഡോ പരിശീലന കേന്ദ്രവും സ്ഥാപിക്കും .















