ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഡൽഹി വിമാനത്താവളത്തിൽ ഭാഗിക അവധി. രാവിലെ 10.20 മുതൽ ഉച്ചയ്‌ക്ക് 12.45 വരെ വിമാന സർവ്വീസുകൾ ഉണ്ടായിരിക്കുന്നതല്ല. ജനുവരി 19 മുതൽ പ്രാബല്യത്തിൽ വന്ന ഭാഗിക അവധി ജനുവരി 26 വരെ തുടരുമെന്ന് ഡൽഹി എയർപോർട്ട് അധികൃതർ ഔദ്യോഗികമായി അറിയിച്ചു.
രാജ്യം 75-ാം റിപ്പബ്ലിക് ദിനാഘോഷത്തിനായി തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ദേശീയ തലസ്ഥാനത്ത് എയർക്രാഫ്റ്റുകളുടെ ഉപയോഗത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാരാഗ്ലൈഡേഴ്‌സ്, പാരാമോട്ടോഴ്‌സ്, ഹാംഗ് ഗ്ലൈഡേഴ്‌സ്, ആളില്ലാ വിമാനങ്ങൾ (യുഎവി, യുഎഎസ്) എന്നിവയ്‌ക്കാണ് താത്കാലിക നിരോധനമെന്ന് ഡൽഹി പോലീസ് അറിയിച്ചു. 29 ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 15 വരെ വിലക്ക് തുടരുമെന്ന് പോലീസ് വ്യക്തമാക്കി.
ഭാരതത്തിന്റെ 75-ാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് മുഖ്യാതിഥിയായി എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹത്തിന്റെ ഭാരതസന്ദർശനം. അന്നേദിവസം നടക്കുന്ന പരേഡിൽ ഫ്രഞ്ച് സൈന്യവും പങ്കെടുക്കും. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമാകുന്ന ആറാമത്തെ ഫ്രഞ്ച് നേതാവാണ് മാക്രോൺ.