തിരുവനന്തപുരം: എച്ച്ഐവി ബാധിതനായ വ്യക്തിയുടെ വിവരങ്ങൾ പ്രചരിപ്പിച്ചതിന് എച്ച്ഐവി ആൻഡ് എയ്ഡ്സ് (പ്രതിരോധവും നിയന്ത്രണവും) നിയമപ്രകാരം സംസ്ഥാനത്ത് ആദ്യമായി കേസ് രജിസ്റ്റർ ചെയ്തു. ഒരു വ്യക്തി എച്ച്ഐവി ബാധിതൻ ആണെന്ന് വെളിപ്പെടുത്തുകയും സമൂഹത്തിൽ വിവേചനവും വിദ്വേഷവും ഉണ്ടാകുന്ന വിധം പ്രവർത്തിക്കുകയും ചെയ്തതിനാണ് തിരുവനന്തപുരം ജില്ലാ നിയമ സേവന അതോറിറ്റി (ഡിഎൽഎസ്എ) സെക്രട്ടറി സബ് ജഡ്ജി എസ്. ഷംനാദിന്റെ നിർദ്ദേശപ്രകാരം മ്യൂസിയം പോലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തത്.
2017-ൽ നിയമം നിലവിൽ വന്ന ശേഷം സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണിതെന്ന് ഡിഎൽഎസ്എ സെക്രട്ടറി പറഞ്ഞു. ആക്ടിവിസ്റ്റും ബാലാവകാശ കമ്മീഷൻ മുൻ അംഗവുമായ ജെ. സന്ധ്യയുടെ സഹായത്തോടെയാണ് പരാതിക്കാരൻ നിയമ സേവന അതോറിറ്റിയെ സമീപിച്ചത്. എച്ച്ഐവി ബാധിതരുടെ മനുഷ്യാവകാശ ഹനിക്കുന്ന എല്ലാ പ്രവൃത്തികളും ഈ നിയമ പ്രകാരം ശിക്ഷാർഹമാണ്.
കുടുംബവഴക്കിനെ തുടർന്ന് അപമാനിക്കാനാണ് പ്രതികൾ ബന്ധുക്കളോടും സുഹൃത്തുക്കളോടും പരാതിക്കാരൻ എച്ച്ഐവി ബാധിതനാണ് എന്ന് വെളിപ്പെടുത്തിയത്. എച്ച്ഐവി ആൻഡ് എയ്ഡ്സ് നിയമത്തിലെ 4, 37 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. രണ്ട് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ഇത്.















