സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി എപ്പോഴും സിനിമയിൽ ജീവിക്കുന്ന ആളാണെന്ന് നടൻ ഹരീഷ് പേരടി. ലൊക്കേഷനിൽ വന്നാൽ പോലും അയാൾ തന്റെ ഷോട്ട് ആകുമ്പോൾ മാത്രമായിരിക്കും തിരക്കുന്നതെന്നും ഹരീഷ് പേരടി പറഞ്ഞു. അതുപോലൊരു ആളോടൊപ്പം ഒരു സിനിമ ചെയ്യാൻ കഴിഞ്ഞത് തന്നെ നല്ല കാര്യമാണെന്നാണ് ഹരീഷ് പേരടി പറയുന്നത്. ലിജോയുടെ പുതിയ സിനിമയായ മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
‘സിനിമ മാത്രം മനസിലും ശരീരത്തിലും ഉള്ളൊരു ആളാണ് ലിജോ. അതിനൊരു ഉദാഹരണം പറയുകയാണെങ്കിൽ, ഈ സിനിമയ്‌ക്ക് വേണ്ടിയുള്ള ഫോൺ വന്നതിന് ശേഷം ആദ്യമായി ഞാൻ ലിജോയെ കാണുന്നത് ചെറായി റിസോർട്ടിൽ വച്ചായിരുന്നു. അവിടെ റഫീഖ് ആദ്യമേ എത്തി, പിന്നെ ഞാൻ വന്നു. അതിന് ശേഷമാണ് ലിജോ വന്നത്. വന്ന് കാറിന്റെ ഡോർ അടയ്‌ക്കാൻ തുടങ്ങിയിട്ട്, ദൂരത്ത് നിന്നും എന്നോട് സംസാരിക്കുകയാണ്. കസേരയിൽ വന്നിരുന്നപ്പോൾ നാലുവരിയെങ്കിലും കഴിഞ്ഞിരുന്നു. അത്രയ്‌ക്ക് സിനിമയിൽ ജീവിക്കുന്നൊരാളാണ് ലിജോ.
പിന്നെ ലൊക്കേഷനിൽ വന്നപ്പോഴും ആദ്യത്തെ രണ്ട് ദിവസം ഞാൻ രാവിലെ ഗുഡ് മോണിംഗ് പറയാനൊക്കെ നോക്കി, പക്ഷെ ലിജോ ഒന്നും കേൾക്കുന്നില്ല. അയാൾ മറ്റെന്തക്കെയോ തിരക്കിലാണ് പിന്നെ ലിജോ എന്നെ കാണുന്നത് എന്റെ ഷോട്ട് ആയപ്പോഴാണ്. അല്ലാതെ ഞാനും ലിജോയും സംസാരിച്ചത് പാക്കപ് ആയതിന് ശേഷമായിരുന്നു. സിനിമയും സിനിമയുടെ കഥാപാത്രങ്ങളും എങ്ങനെയായിരിക്കും മുൻപോട്ട് പോകുന്നത്. ഇതൊക്കെ മാത്രമാണ് സിനിമ കഴിയുന്നത് വരെ സംസാരിച്ചിരുന്നത്.’- ഹരീഷ് പേരടി.