ചെന്നൈ: രാമേശ്വരത്ത് ആയിരക്കണക്കിന് ജനങ്ങളുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരന്ദ്രമോദിയുടെ റോഡ് ഷോ നടന്നു. പുഷ്പവൃഷ്ടി നടത്തി ജനങ്ങൾ പ്രധാനമന്ത്രിയെ സ്വീകരിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേരാണ് റോഡിന്റെ ഇരുവശത്തും തടിച്ചുകൂടിയത്.
ഇന്ന് തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനം നടത്തിയിരുന്നു. ക്ഷേത്രത്തിൽ നടന്ന പൂജകളിലും പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുത്തു. ക്ഷേത്രത്തിൽ സംഘടിപ്പിച്ച കമ്പരാമായണ പരായണത്തിലും അദ്ദേഹം പങ്കെടുത്തു. അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ക്ഷേത്ര ദർശനം.
ദ്വിദിന സന്ദർശനത്തിനായാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തിയത്. രാമേശ്വരം ശ്രീ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തും. ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക പൂജകളിൽ അദ്ദേഹം പങ്കെടുക്കും. വൈകുന്നേരം ക്ഷേത്രത്തിലെ ഭജന സന്ധ്യയിലും പ്രധാനമന്ത്രി പങ്കെടുക്കും.















