ആഗോള തലത്തിൽ വൻ വിജയമായി മാറിയിരിക്കുകയാണ് നടൻ തേജ സജ്ജ നായകനായി എത്തിയ ഹനുമാൻ എന്ന ചിത്രം. പ്രശാന്ത് വർമ്മ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസമായിരുന്നു തീയേറ്ററുകളിലെത്തിയത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ചിത്രത്തിന്റെ മേക്കിംഗ്. നിറയെ സാഹസ്സിക രംഗങ്ങൾ നിറഞ്ഞ സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച പരിക്കുകളെ കുറിച്ച് തുറന്ന് പറയുകയാണ് നടൻ തേജ സജ്ജ.
ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ നൽകിയ ഒരു അഭിമുഖത്തിലാണ് തേജ ഇക്കാര്യം പറഞ്ഞത്. ചിത്രീകരണത്തിനിടെ തനിക്ക് ഒരുപാട് പരിക്കുകൾ പറ്റിയിട്ടുണ്ടെന്നും എല്ലുകൾക്ക് പൊട്ടൽ സംഭവിച്ചതായും താരം പറയുന്നു. കഥാപാത്രത്തിനായി കണ്ണിൽ ഒരു ചുമന്ന ലെൻസ് വെച്ചിരുന്നു. ഇത് ചിത്രീകരണ സമയത്ത് ആദ്യാവസാനം വരെ കണ്ണിലുണ്ടായിരുന്നു. ഇതിലൂടെ വലത് കണ്ണിന്റെ കോർണിയക്ക് പരിക്ക് പറ്റി. കൂടാതെ കണ്ണിൽ പൊടിയും കല്ലുമെല്ലാം വീണിരുന്നു. കണ്ണിന് ഉടൻ തന്നെ ഒരു ശസ്ത്രക്രിയ ചെയ്യേണ്ടതുണെന്നും തേജ പറഞ്ഞു.
ഭഗവാൻ ഹനുമാന്റെ ശക്തി ലഭിക്കുന്ന അതിമാനുഷികനായ ഒരു യുവാവിന്റെ കഥയാണ് സിനിമ പറയുന്ന്. കൽക്കി, സോംബി റെഡ്ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ തെലുങ്ക് സംവിധായകനാണ് പ്രശാന്ത് വർമ്മ. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും പ്രശാന്ത് വർമ്മ തന്നെയാണ്. ചിത്രം ഇതിനോടകം 150 കോടിയിലധികം കളക്ഷൻ നേടിക്കഴിഞ്ഞു.
പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ സിനിമയാണ് ഹനുമാൻ. അമൃത അയ്യറാണ് ചിത്രത്തിൽ നായിക. പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ. നിരഞ്ജൻ റെഡ്ഡിയാണ് ഈ ബ്രഹ്‌മാണ്ഡ ചിത്രം നിർമ്മിച്ചത്. വരലക്ഷ്മി ശരത്കുമാർ, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ശിവേന്ദ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.