മലപ്പുറം: പള്ളിയുടെ സംഭാവനപ്പെട്ടി തകർത്ത് മോഷണത്തിന് ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൂര്‍ കക്കാട് സ്വദേശി മുജീബി (35) നെയാണ് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിന് കൈമാറിയത്.നാട്ടുകാരുടെ പരാതിയിൽ പ്രതിക്കെതിരെ ഐ.പി.സി 511, ഐ.പി.സി 380 വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെ ആലത്തൂര്‍പ്പടി ജുമ മസ്ജിദിന്റെ സംഭാവനപ്പെട്ടിയുടെ പൂട്ട് തകര്‍ക്കാനാണ് ഇയാൾ ശ്രമിച്ചത്.
ഇതുവഴി സഞ്ചരിച്ച യാത്രക്കാരാണ് രണ്ടുപേരുടെ മോഷണ ശ്രമം കണ്ടത്. വിവരം അടുത്തുള്ള കടക്കാരനെ അറിയിച്ചു. കടയുടമ സമീപവാസികളുമായെത്തിയപ്പോൾ പന്തികേട് മനസിലാക്കിയ മോഷ്ടാക്കൾ ഇറങ്ങിയോടി.
നാട്ടുകാരും ഇവരെ പിന്തുടർന്നു. സി.സി ടി.വിയുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ഒരാള്‍ പള്ളിയുടെ സമീപമുള്ള കെട്ടിടത്തിലെ വാട്ടര്‍ ടാങ്കില്‍ കയറിയതായി മനസിലാക്കി. നാട്ടുകാർ ഇവിടെ വളഞ്ഞ ശേഷം വിവരം പോലീസിനെ അറിയിച്ചു.മലപ്പുറം പോലീസെത്തി പ്രതിയെ ടാങ്കിൽ നിന്നിറക്കി പിടികൂടുകയായിരുന്നു.
ഇതിനിടെ മുജീബിന്റെ കൂടെയുണ്ടായിരുന്ന മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.