പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കാണാനുള്ള ഭർതൃമാതാവിന്റെ ആഗ്രഹം സഫലമാക്കി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. 92-കാരിയായ അമ്മയ്‌ക്ക് ഇത്രയധികം സന്തോഷം പകർന്ന് നൽകിയ പ്രധാനമന്ത്രിക്ക് ഖുശ്ബു നന്ദി അറിയിച്ചു. മൂവരും കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ അവർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

അമ്മയുടെ ഏറെ കാലമായുള്ള സ്വപ്നമാണ് പ്രധാനമന്ത്രിയെ ഒരിക്കലെങ്കിലും നേരിൽ കാണുകയെന്നുള്ളത്. അതുകൊണ്ട് തന്നെ അവർക്ക് അത് സന്തോഷത്തിന്റെ നിമിഷമായിരുന്നു. വാക്കുകൾക്ക് അതീതമാണ് ആ സന്തോഷമെന്നും ഖുശ്ബു പറഞ്ഞു. ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള, സ്നേഹിക്കപ്പെടുന്ന, ആരാധിക്കപ്പെടുന്ന നേതാവായ പ്രധാനമന്ത്രി വളരെ ഊഷ്മളതയോടെയും ബഹുമാനത്തോടെയുമാണ് ഭർതൃമാതാവിനെ സ്വാഗതം ചെയ്തത്. ഒരു മകൻ അമ്മയോട് സംസാരിക്കുന്നത് പോലെയായിരുന്നു ഇരുവരും തമ്മിലുള്ള സംഭാഷണം. ഏറെ സ്നേഹത്തോടെയും വാത്സല്യത്തോടെയുമായിരുന്നു പ്രധാനമന്ത്രിയുടെ സംസാരം. ലോകത്തെ എല്ലാവരും അദ്ദേഹത്തെ ആരാധിക്കുന്നതിൽ തെറ്റ് പറയാനില്ല, ഏറെ അനുഗ്രഹീതനും ദൈവത്തിന്റെ കയ്യൊപ്പുമുള്ള ആളാണെന്നും ഖുശ്ബു പറഞ്ഞു.
പ്രധാനമന്ത്രിക്കൊപ്പം ചെലവഴിച്ച സുവർണ നിമിഷങ്ങൾ എക്കാലവും വിലമതിക്കപ്പെടുമെന്ന് ഖുശ്ബു പറഞ്ഞു. കുഞ്ഞിന്റെ കണ്ണുകളിൽ കാണുന്ന സന്തോഷമാണ് ഭർതൃമാതാവിന്റെ കണ്ണുകളിൽ ദർശിക്കാൻ സാധിച്ചത്. പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അവരെ സന്തോഷിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. അത് നിറവേറ്റാൻ കഴിഞ്ഞതിൽ പ്രധാനമന്ത്രിയോട് കടപ്പെട്ടിരിക്കുന്നുവെന്നും അവർ പറഞ്ഞു.















